വണ്ടിപ്പെരിയാർ: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കുറവുകളും ചികിത്സ സൗകര്യങ്ങളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വാളാർഡി, വണ്ടിപ്പെരിയാർ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം നടത്തി. മണ്ഡലം പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്തംഗംങ്ങൾ, എന്നിവർ സമരത്തിൽ പങ്കെടുത്തു. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ കുറേ നാളുകളായി ഡോക്ടർമാരുടെ സേവനം ലഭ്യമല്ല. നിലവിൽ ഏഴ് ഡോക്ടർമാർ വേണ്ടിടത്ത് രണ്ട് സ്ഥിരം ഡോക്ടറും ഒരു താത്കാലിക ഡോക്ടറുമാണുള്ളത്. ഇതിൽ രണ്ട് പേർ രാവിലെയും ഒരാൾ വൈകിട്ട് വരെയും ഉണ്ട്.
എന്നാൽ രാത്രിയിൽ ഡോക്ടർ ഇല്ലാത്തത് രോഗികൾക്ക് ഇത് പ്രതിസന്ധി ഉണ്ടാക്കുന്നു. മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ട് നിയമിച്ച ഡോക്ടർ രണ്ട് മാസമാണ് സേവനം ചെയ്തത്. ആറ് മാസം പിന്നിട്ടിട്ടും ഇവിടെ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് രോഗികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സിറിയക് തോമസ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. ഷാജി പൈനാടത്ത്, എം. ഉദയസൂര്യൻ, പി.ആർ. അയ്യപ്പൻ, പി.എ. അബ്ദുൾ റഷീദ്, ആർ. ഗണേശൻ, ടി.എം. ഉമ്മർ, കെ.എ. സിദ്ധിഖ്, റോയി ജോസഫ്, പ്രിയങ്ക മഹേഷ് എന്നിവർ സംസാരിച്ചു.