ഇടുക്കി: സ്‌കൂളിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എൻജിനീയർക്ക് കൈക്കൂലി കൊടുക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയ നഗരസഭ ചെയർമാനെ തൽസ്ഥാനത്തു നിന്ന് രാജിവയ്പ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് ഇടതുമുന്നണി നഗരസഭയിലെ ജനങ്ങളോട് രാഷ്ട്രീയ നീതി കാണിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാങ്ങിക്കുന്നതിനുള്ള സൗകര്യം ചെയ്തു കൊടുക്കുന്ന നഗരസഭ ചെയർമാൻ നാടിന് വലിയ ബാദ്ധ്യതയാണ്. എൻജിനിയറെ പിടികൂടിയ ഉടൻ തന്നെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ വ്യക്തിയെന്ന നിലയിൽ കൈക്കൂലി കേസിൽ ചെയർമാന്റെ പങ്കാളിത്തം വ്യക്തമാണ്. ഓഫീസ് കേന്ദ്രീകരിച്ച് കൈക്കൂലി വാങ്ങിക്കുന്നതിനും അനധികൃത കാര്യങ്ങൾ ചെയ്യിപ്പിച്ചു കൊടുക്കുന്നതിനും ഒരു ഉപജാപക സംഘം തന്നെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭരണം പിടിക്കുന്നതിനും നിലനിർത്തുന്നതിനും വേണ്ടി കള്ളന്മാരെയും നെറികേട് കാണിക്കുന്നവരെയും സംരക്ഷിക്കുന്ന ഇടതുപക്ഷ നയം അവർ ഉപേക്ഷിക്കാൻ തയ്യാറാകണം. തൊടുപുഴ നിവാസികൾക്ക് ലൈസൻസുകൾ, പെർമിറ്റുകൾ എന്നിവ സുതാര്യമായി ലഭിക്കുന്നതിനും കരാറുകാർക്ക് ഭയം കൂടാതെ നഗരസഭാ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നതിനും ചെയർമാന്റെ രാജി അനിവാര്യമാണ്. ചെയർമാനെ മാറ്റിയില്ലെങ്കിൽ വലിയ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരും. തൊടുപുഴയിലെ ജനങ്ങൾക്ക് നീതി ലഭിക്കുന്നതിന് ജനങ്ങളോട് ചേർന്ന് നിന്ന് ജനകീയ പോരാട്ടത്തിന് യു.ഡി.എഫ് നേതൃത്വം നൽകുമെന്ന് നേതാക്കൾ അറിയിച്ചു.