 
കട്ടപ്പന: അന്യ വാഹനങ്ങളുടെ അമിതമായ കടന്നുവരവ് മൂലം പുതിയ ബസ് സ്റ്റാൻഡിൽ അപകടങ്ങൾ പതിവാകുന്നു. കാൽനടയാത്രക്കാർക്കും ബസ് ഡ്രൈവർമാർക്കും വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടാണ് അന്യ വാഹനങ്ങൾ സ്റ്റാൻഡിലൂടെ കടന്നു പോകുന്നതും അനധികൃത പാർക്കിംഗ് നടത്തുന്നതും. പുതിയ ബസ് സ്റ്റാൻഡിൽ അന്യവാഹനങ്ങൾക്ക് പ്രവേശനമില്ലെന്ന് മുന്നറിയിപ്പു നൽകി സ്റ്റാൻഡിന്റെ കവാടങ്ങളിലെല്ലാം മുമ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇവയെല്ലാം ഇപ്പോൾ അപ്രത്യക്ഷമാണ്. ഇതോടെ സ്വകാര്യവ്യക്തികൾ യഥേഷ്ടം വാഹനങ്ങൾ ബസ് സ്റ്റാൻഡിലൂടെ പായിക്കുകയാണ്. കൂടാതെ വിവിധ ഇടങ്ങളിൽ അനധികൃതമായി വാഹനങ്ങൾ പാർക്കും ചെയ്യുന്നുണ്ട്.
വൈകുന്നേര സമയങ്ങളിൽ ഫ്രീക്കന്മാരുടെ അമിതവേഗത്തിലുള്ള കുതിക്കലും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. മുമ്പ് പൊലീസിന്റെയും നഗര സഭയുടെയും ഭാഗത്തു നിന്ന് ശക്തമായ ഇടപെടൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ നാമമാത്രമാണ്.