 
കട്ടപ്പന: ഓഫീസിലിരിക്കാതെ പാടത്തിറങ്ങി നെൽകൃഷി ചെയ്ത് ഒരു പറ്റം കൃഷിവകുപ്പ് ഉദ്യോഗസ്ഥർ. വണ്ടൻമേട് കൃഷിഭവനിലെ നാല് ജീവനക്കാരാണ് അണക്കരപ്പാടത്ത് പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്ത് നെൽകൃഷി ആരംഭിച്ചത്. കുടിയേറ്റകാലം മുതൽ നെൽകൃഷിയുടെ ഈറ്റില്ലമായിരുന്ന അണക്കര പാടത്ത് കഴിഞ്ഞ കുറേ വർഷങ്ങളായി കൃഷി നാമ മാത്രമായി മാറിയിരിന്നു. കൃഷിയിലെ സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടിയാണ് കർഷകർ പാടത്തു നിന്നും അകന്നുനിന്നത്. ഈ സാഹചര്യത്തിൽ നെൽകൃഷിയിലെ നഷ്ട സാധ്യതകൾ നേരിൽ മനസ്സിലാക്കുന്നതിനും പുതിയ തലമുറ അടക്കമുള്ള കർഷകരെ നെൽകൃഷിയിലേക്ക് ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് വണ്ടൻമേയുടെ കൃഷിഭവനിലെ നാല് ഉദ്യോഗസ്ഥർ ചേർന്ന് ഒരേക്കർ സ്ഥലത്ത് നെൽകൃഷി ആരംഭിച്ചത്. സ്വകാര്യ വ്യക്തിയിൽ നിന്ന് പാട്ടത്തിനെടുത്ത സ്ഥലത്താണ് നെൽകൃഷി ചെയ്യുന്നത്. കൃഷിഭവൻ ജീവനക്കാരായ ബിബിൻ കെ. ജോൺ, ബിനു ശങ്കർ, അനികുമാർ, കാഞ്ചിയാർ കൃഷിഭവനിലെ മനോജ് അഗസ്റ്റിൻ എന്നിവർ ചേർന്നാണ് കൃഷി നടത്തുന്നത്. വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി നടീൽ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ കൃഷി ഓഫീസർ ലിനറ്റ് ജോർജ്, പാടശേഖരസമിതി പ്രസിഡണ്ട് കണ്ണൻ എന്നിവർ പങ്കെടുത്തു.