കട്ടപ്പന: ജില്ലയിൽ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന ബാങ്കുകൾക്കെതിരെ സമരം സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ബാങ്കുകൾ വിവിധ കാരണങ്ങൾ പറഞ്ഞുകൊണ്ട് വായ്പ നിഷേധിക്കുന്നതിനൊപ്പം വിദ്യാഭ്യാസ വായ്പയ്ക്കായി ബാങ്കിലെത്തുന്ന വിദ്യാർത്ഥികളെയും മാതാപിതാക്കളെയും അപമാനിക്കുന്ന സമീപനം സ്വീകരിക്കുന്നത് പ്രതിഷേധകരമാണ്. മുൻകാലങ്ങളിൽ പരമാവധി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോൾ വായ്പ നിഷേധിക്കുന്നതിൽ ബാങ്കുകൾ മത്സരിക്കുകയാണ്. ഇത് തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവിശ്യമാണ്. തന്നിഷ്ടപ്രകാരം ഉണ്ടാക്കിയ ഉപാധികൾ ചൂണ്ടിക്കാട്ടി വായ്പ്പ നിഷേധിക്കുന്നത് മൂലം പാതിവഴിയിൽ വിദ്യാർത്ഥികൾക്ക് പഠനം അവസാനിപ്പിക്കേണ്ട സ്ഥിതിയാണ്. വിദ്യാഭ്യാസ വായ്പ നിഷേധിക്കാനുള്ള ബാങ്കുകളുടെ നീക്കം അവസാനിപ്പിക്കുക, നിബന്ധനകളിൽ ഇളവ് വരുത്തി പരമാവധി വിദ്യാർത്ഥികൾക്ക് വായ്പ ലഭ്യമാക്കുക,
വിദ്യാഭ്യാസ വായ്പ നൽകുന്നതിന് എല്ലാ ബാങ്കുകൾക്കും ഒരേ നിയമം നടപ്പിലാക്കുക, ബാങ്കിൽ എത്തുന്ന വിദ്യാർത്ഥികളെയും മാതാപിതാക്കളെയും അപമാനിക്കുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് ജില്ലാ കമ്മറ്റി കോൺഗ്രസ് സമരത്തിലേയ്ക്ക് കടന്നിരിക്കുന്നത്. സമരത്തിന്റെ ആദ്യഘട്ടമായി ജില്ലയിലെ ലീഡ് ബാങ്കായ എസ്.ബി.ഐയുടെ തൊടുപുഴ ശാഖയ്ക്ക് മുന്നിൽ ജൂലായ് ആറിന് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുമെന്നും തുടർന്ന് ലോൺ നിഷേധിക്കുന്ന മറ്റ് ബാങ്കുകളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യാ അറിയിച്ചു.