അടിയന്തര നടപടി സ്വീകരിക്കാതെ അധികൃതർ
കട്ടപ്പന: മഴവെള്ളപ്പാച്ചിലിൽ വീട് അപകട ഭീഷണിയിലായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് കുടുംബം വില്ലേജ് ഓഫീസിന് മുമ്പിൽ കുത്തി ഇരുന്ന് പ്രതിഷേധിച്ചു. കാഞ്ചിയാർ കക്കാട്ടുക്കട മാണിക്കത്തിനാൽ ജോമോനും ഭാര്യയും പ്രായമായ അമ്മയും കുട്ടികളുമാണ് വില്ലേജ് ഓഫീസിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തിയത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ കാഞ്ചിയാർ കക്കാട്ടുകടയിൽ താമസിക്കുന്ന ജോമോന്റെ വീടിന് സമീപത്തെ ആറ്റിൽ വെള്ളം ഉയരുകയും ശക്തമായ മലവെള്ളപാച്ചിലിൽ വീടിന് സമീപത്തെ പുഴയുടെ സംരക്ഷണ ഭിത്തി ഇടിയുകയും ചെയ്തിരുന്നു. ഇതോടെ ഇതുവഴിയുള്ള സഞ്ചാരം തടസപ്പെട്ടു. തുടർന്ന് മഴ ശക്തമാകുകയും ബാക്കിയുള്ള ഭാഗം കൂടി ഇടിഞ്ഞു പോവുകയും ചെയ്തു. ഇതോടെയാണ് ജോമോന്റെ വീട് അപകട ഭീഷണിയിലായത്. വീണ്ടും ഒരു മണ്ണിടിച്ചിൽ കൂടി ഉണ്ടായാൽ വീട് പൂർണമായും തകരുന്ന സ്ഥിതിയാണ്. വിഷയത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും അടിയന്തരമായി ഉണ്ടാകാതെ വന്നതോടെയാണ് കുടുബം കാഞ്ചിയാർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരവുമായി വന്നത്. ഇവരുടെ വീടിന് സമീപത്തുകൂടി കടന്നുപോകുന്ന തോടിനു കുറുകെ പാലത്തിന്റെ നിർമ്മാണം നടന്നു വരികയാണ്. ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തിയ വേളയിലാണ് പുഴ ഗതിമാറി ഒഴുകി തങ്ങളുടെ വീടിന് അപകട ഭീഷണി ഉണ്ടായതെന്ന് കുടുംബം പറയുന്നു. പ്രതിഷേധത്തെ തുടർന്ന് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ വീണ്ടും സ്ഥലം സന്ദർശിച്ചു. ആദ്യഘട്ടത്തിൽ കല്ലും മണ്ണും ഇട്ട് താത്കാലികമായി മണ്ണ് ഇടിയാതിരിക്കാനുള്ള സംവിധാനം ഒരുക്കാമെന്ന് വില്ലേജ് അധികൃതർ വ്യക്തമാക്കി. ഈ ഉറപ്പിന്മേൽ സമരത്തിൽ നിന്ന് കുടുംബം പിന്മാറി.