g

കുമളി: മുഖ്യമന്ത്രിയുടെ പ്രവർത്തനത്തിലും പെരുമാറ്റത്തിലുമുള്ള ഏകാധിപത്യ പ്രവണത ജനങ്ങളിൽ ഇടതുവിരുദ്ധ വികാരം ഉണ്ടാക്കിയെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന ശില്പശാലയിൽ രൂക്ഷ വിമർശനം.

പ്രതിഷേധക്കാരെ പൊലീസിനെയും ഗൺമാന്മാരെയും പാർട്ടി പ്രവർത്തകരെയും വിട്ട് ആക്രമിച്ചതും പ്രവർത്തകർ നിയമം കൈയിലെടുത്തതിനെ 'രക്ഷാ പ്രവർത്തനം' എന്ന് ന്യായീകരിച്ചതും സർക്കാരിന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്പിച്ചതായി പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. പൗരാവകാശങ്ങൾക്കുമേൽ സ്വേച്ഛാധിപത്യം സ്ഥാപിക്കാൻ പൊലീസിനെ ദുരുപയോഗം ചെയ്തു. ക്ഷേമപെൻഷൻ മുടങ്ങിയതും സപ്ലൈകോ പ്രതിസന്ധിക്ക് പരിഹരിക്കാത്തതും സബ്സിഡി ഉത്പന്നങ്ങൾ ലഭ്യമാക്കാത്തതും തിരിച്ചടിയായി. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള കാര്യത്തിലെ അലംഭാവവും പട്ടികജാതി - വർഗ വിദ്യാർത്ഥികളുടെ സ്‌റ്റൈപ്പന്റ് മുടങ്ങിയതും ഇടതുപക്ഷ മനസുള്ളവരെ പോലും സർക്കാർ വിരുദ്ധരാക്കി. കേരളത്തിൽ ബി.ജെ.പി.യുടെ വോട്ട് വിഹിതം ഉയരുന്നത് ഗൗരവമായി കാണണമെന്നും റിപ്പോർട്ടിലുണ്ട്.