
കട്ടപ്പന: മലയോര ഹൈവേയിൽ ഇടിഞ്ഞുവീഴാറായ മൺതിട്ടയും മരങ്ങളും അപകട ഭീഷണിയാകുന്നു. മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന ഇടുക്കി കവലയിലാണ് കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും മരങ്ങളും ഇടിഞ്ഞുവീഴാറായ മൺതിട്ടയും ഭീക്ഷണിയാകുന്നുവെന്ന് പരാതി ഉയർന്നിരിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ബാങ്കിന്റ ജപ്തി നടപടി നേരിട്ടതോടെ അനാഥമായ പുരിയിടത്താണ് മൺതിട്ടയും ഒടിഞ്ഞുവീഴാറായ മരങ്ങളും നിലകൊള്ളുന്നത്. മുമ്പ് റോഡ് നിരപ്പിൽ നിന്ന് കൽക്കെട്ട് ഉണ്ടായിരുന്നെങ്കിലും കാലക്രമേണ അവയെല്ലാം ഇടിഞ്ഞു വീണിരുന്നു. ഇതോടെ ഇവിടം മണ്ണൊലിപ്പ് ഭീഷണി നേരിടുന്നുമുണ്ട്. കൂടാതെ അവശേഷിക്കുന്ന കൽക്കെട്ട് ഏതുനിമിഷവും റോഡിലേക്ക് ഇടിഞ്ഞുവീഴുന്ന സ്ഥിതിയാണുള്ളത്. ഒപ്പം ഇവിടെ നിൽക്കുന്ന വന്മരങ്ങൾ കടപുഴകി വീണാൽ ഇലവൺ കെ.വി ലൈനുകളിൽ പതിക്കുകയും വലിയൊരു അപകടത്തിന് കാരണമാവുകയും ചെയ്യുമെന്ന് പ്രദേശവാസികൾ പറയുന്നു. നിരവധി സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർ ഇതുവഴിയാണ് കടന്നു പോകുന്നത്. സമീപത്ത് തന്നെ സ്വകാര്യ പെട്രോൾ പമ്പും പ്രവർത്തിക്കുന്നു. കാലവർഷം ശക്തി പ്രാപിക്കുന്നതോടെ ആശങ്കയോടെ വേണം ആളുകൾ അതുവഴി യാത്ര ചെയ്യാൻ. അടിയന്തരമായി നഗരസഭയോ മറ്റ് ബന്ധപ്പെട്ട അധികൃതരോ അപകട സാദ്ധ്യത ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.