പീരുമേട്: കെ.എസ്.ആർ.ടി.സി ബസിടിച്ച് വീണ വൃദ്ധയുടെ കാലിൽ ചക്രം കയറി പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം ഉണ്ടായത്. മ്ലാമല നാലുകണ്ടം സ്വദേശി ചെല്ലമ്മയ്ക്കാണ് (77) പരിക്കേറ്റത്. മ്ലാമലയിൽ നിന്ന് രാവിലെ ചുരക്കുളം പി.എച്ച്.സി.യിൽ നിന്ന് മരുന്ന് വാങ്ങി തിരികെ വീട്ടിലേക്ക് പോകാനായി ബസിലേക്ക് കയറാൻ സെൻട്രൽ ജംഗ്ഷനിലേക്ക് നടന്നു പോയ ചെല്ലമ്മയെ കുമളിയിൽ നിന്ന് കോട്ടയത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. റോഡിൽ വീണ ചെല്ലമ്മയുടെ ഇടതുകാലിലൂടെ ബസിന്റെ മുൻവശത്തെ ചക്രം കയറി ഇറങ്ങുകയായിരുന്നു. ചെല്ലമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ചെല്ലമ്മയുടെ കാലിലും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.