തൊടുപുഴ: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ അസി. എൻജിനിയറും കോൺട്രാക്ടറായ ഇടനിലക്കാരനും അറസ്റ്റിലായ സംഭവത്തിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതി ചേർക്കപ്പെട്ട ചെയർമാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രക്ഷോഭം ശക്തമാക്കുന്നു. യു.ഡി.എഫ് തൊടുപുഴ മുനിസിപ്പൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ നഗരസഭാ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. ബ്ലോക്ക് കോൺഗ്രസ് ആക്ടിംഗ് പ്രസിഡന്റ് ഷിബിലി സാഹിബാണ് ധർണ ഉദ്ഘാടനം ചെയ്തതെന്നതും ശ്രദ്ധേയമാണ്. ചെയർമാനെ പ്രതിയാക്കിയതിന് പിറ്റേന്ന് ബുധനാഴ്ച നഗരസഭാ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ബ്ലോക്ക് കോൺഗ്രസ് ആക്ടിംഗ് പ്രസിഡന്റ് ഷിബിലി സാഹിബ് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. ഇതനുസരിച്ചാണ് ഫ്ളക്‌സും നവമാദ്ധ്യമ പോസ്റ്ററുകളും പത്രകുറിപ്പും ഉൾപ്പെടെ പുറത്തിറക്കിയത്. എന്നാൽ സമരം തുടങ്ങി ഏതാനും സമയത്തിനുള്ളിൽ ഉദ്ഘാടക റോളിൽ നിന്ന് ഷിബിലി സാഹിബിനെ ഒഴിവാക്കി. മുൻ ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസാണ് ഉദ്ഘാടകനായത്. തലേദിവസത്തെ തീരുമാനം ഗ്രൂപ്പുകളികളുടെ ഭാഗമായി അട്ടിമറിക്കുകയായിരുന്നു എന്നാണ് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് നേതൃ യോഗത്തിൽ ചെയർമാൻ രാജി വയ്ക്കും വരെ സമരം നടത്താനാണ് തീരുമാനിച്ചത്. ചെയർമാൻ പ്രതിനിധാനം ചെയ്യുന്ന മുന്നണിയും സി.പി.എം നേതൃത്വവും സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടും സനീഷ് ജോർജജ് രാജി വയ്ക്കാൻ തയ്യാറായിട്ടില്ലെന്നും തുടർന്നും അഴിമതി നടത്താൻ ലക്ഷ്യമിട്ടാണ് അധികാരം വിട്ടൊഴിയാത്തതെന്നുമാണ് യു.ഡി.എഫ് നേതൃത്വം ആരോപിക്കുന്നത്.

അതേ സമയം ഭരണ പക്ഷത്തിനും പ്രത്യേകിച്ച് സി.പി.എമ്മിനുമെതിരെ ഇത്രയും മികച്ച അവസരം ലഭിച്ചിട്ടും യു.ഡി.എഫിലെ പ്രത്യേകിച്ച് കോൺഗ്രസിലെ നേതാക്കൾ തമ്മിലുള്ള ഗ്രൂപ്പ് പ്രശ്‌നം മുന്നണിക്ക് തലവേദനയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന നേതൃ യോഗത്തിന് ശേഷം ഒരു വിഭാഗം നേതാക്കൾ മറുവിഭാഗത്തിനെതിരെ ആരോപണവുമായി രംഗത്തിറങ്ങി. എതിർ വിഭാഗത്തിൽ നിന്നുള്ള തൊടുപുഴയിലെ മുതിർന്ന നേതാവ് ചെയർമാനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചെന്നായിരുന്നു ഇവർ പ്രചരണം അഴിച്ച് വിട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട മുതിർന്ന നേതാവും സംഘവും മറുപടിയുമായി എത്തിയതോടെ വിഷയം മുന്നണിയിലാകെ ചർച്ചയായി.

ഒടുവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടി, 'കൈക്കൂലിയില്ലാതെ"

തൊടുപുഴ: ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട് തൊടുപുഴ നഗരസഭ അസി. എൻജിനീയർ നൽകാതിരുന്ന കമ്മംകല്ല് ബി.ടി.എം എൽ.പി സ്‌കൂളിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇന്നലെ നഗരസഭയിൽ നിന്ന് സ്‌കൂൾ മാനേജ്‌മെന്റിന് ലഭിച്ചു. 278.14 ചതുരശ്ര മീറ്റർ കെട്ടിടത്തിനാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. അസി. എൻജിനിയറുടെ ചുമതല വഹിക്കുന്ന ഓവർസീയറാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിൽ ഒപ്പ് വച്ചിരിക്കുന്നത്. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനായി ഒരു മാസത്തിലേറെയായി സ്‌കൂൾ മാനേജ്‌മെന്റ് അപേക്ഷ നൽകി ഓഫിസ് കയറി ഇറങ്ങിയിരുന്നു. എന്നാൽ ഒരു ലക്ഷം രൂപ കൈക്കൂലി നൽകാതെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകില്ലെന്ന് അസി. എൻജിനീയർ സി.ടി. അജി കടുത്ത നിലപാട് സ്വീകരിച്ചതോടെ സ്‌കൂൾ അഡ്മിനിസിട്രേറ്റർ വിജിലൻസിൽ പരാതി നൽകി. തുടർന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം കഴിഞ്ഞ 25 നാണ് അസി. എൻജിനിയരെയും ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തത്. കൈക്കൂലി നൽകണമെന്ന് നിർദേശം നൽകിയതിന്റെ പേരിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജും കേസിൽ രണ്ടാം പ്രതിയാണ്. അറസ്റ്റിലായ എൻജിനിയറും ഇടനിലക്കാരനും റിമാൻഡിൽ കഴിയുകയാണ്. കേസിൽ പ്രതിയായ ചെയർമാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും ഉൾപ്പെടെയുള്ളവർ സമരത്തിലാണ്. ഇതോടെ ചെയർമാന് നഗരസഭ ഓഫീസിൽ എത്താൻ സാധിക്കാത്ത സ്ഥിതിയും നിലവിലുണ്ട്.