കട്ടപ്പന പുതിയ ബസ് സ്റ്റാന്റ് അന്യസംസ്ഥാന തൊഴിലാളികളുടെ വിഹാരകേന്ദ്രം

കട്ടപ്പന :ഞായർ ദിവസം കട്ടപ്പന നഗരവും പൊതുഇടങ്ങളും അന്യ സംസ്ഥാനക്കാർ കൈയടക്കുന്നു. രാത്രിയാകുന്നതോടെ കട്ടപ്പന നഗരവീഥിയിലേക്ക് ഇറങ്ങണമെങ്കിൽ ജീവൻ പണയം വെക്കണം എന്ന അവസ്ഥയാണ്.അർദ്ധരാത്രിയിൽ പോലും കട്ടപ്പന പുതിയ ബസ്റ്റാന്റ് കെട്ടിടത്തിൽ സൂചി കുത്താൻ ഇടമില്ലാത്ത വിധം അന്യ സംസ്ഥാനക്കരെ കൊണ്ട് നിറയുന്നു. ഇവരിൽ പലരും അക്രമകാരികളാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം . സംഘർഷങ്ങൾ ഉണ്ടാവുന്നതും പതിവാണ്.

മുൻപ് ജില്ലയിൽ എത്തിയ അന്യ സംസ്ഥാനക്കാർ തൊഴിൽ ഏജന്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച്
മറ്റു സംസ്ഥാനങ്ങളിൽ നിന്നും പുതുതായി എത്തുന്നവരെ ചൂഷണം ചെയ്യുന്നത് പതിവാണ് . സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കെതിരെ ലൈംഗിക അതിക്രമണങ്ങളും ഉണ്ടാകുന്നു. ലഹരിയുടെ ആസക്തിയിൽ അക്രമം അഴിച്ചുവിടുന്ന ഇവർ ഭീകരാന്തരീക്ഷം ഉണ്ടാക്കുന്നതും പതിവ് കാഴ്ചയാണ്. പ്രധാനമായും പുതിയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് അന്യ സംസ്ഥാനക്കാർക്കിടയിൽ വൻ ലഹരി കച്ചവടം ആണ് നടക്കുന്നത്. മദ്യപിച്ച ശേഷം ആളുകൾക്കിരിക്കാൻ സ്ഥാപിച്ചിരിക്കുന്ന കസേരകളിൽ ഛർദിക്കുകയും മുറുക്കി തുപ്പുകയും ചെയ്യുന്നു. പലപ്പോഴും ആളുകൾ മലമൂത്ര വിസർജനംവരെ പുതിയ ബസ്റ്റാൻഡ് കെട്ടിടത്തിനുള്ളിൽ തന്നെ സാധിക്കുന്നു. ഇതോടെ ബസ്റ്റാന്റും പരിസരവും പൂർണമായി വൃത്തിഹീനമായി മാറുകയാണ്.

മുൻപ് തൊഴിലാളികളുടെ സംഘർഷം പരിഹരിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഒപ്പം ബസ്റ്റാൻഡിൽ നടക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പരാക്രമണങ്ങൾ ചിത്രീകരിക്കാൻ എത്തിയ മാദ്ധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം ഉണ്ടായി. രാത്രികാലങ്ങളിൽ പട്രോളിങിന് എത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് സ്വദേശിയരായവർക്കുള്ള ഏക ആശ്വാസം. എന്നാൽ പോലീസ് എത്തുമ്പോൾ ബസ് സ്റ്റാൻഡിൽ നിന്നും പിൻവാങ്ങുന്ന അക്രമകാരികൾ പൊലീസ് പോകുന്ന മുറക്ക് വീണ്ടും സ്റ്റാൻഡിലേക്ക് കടന്നു വരുന്നു.

വന്നെത്തുന്നത്

നൂറുകണക്കിന്പേർ

ഓരോ ഞായറാഴ്ചയും നൂറുകണക്കിന്അന്യസംസ്ഥാന തൊഴിലാളികളാണ് കട്ടപ്പനയിലേക്ക് വന്നിറങ്ങുന്നത്.ഇതിൽ യാതൊരുവിധ തിരിച്ചറിയൽ രേഖയുമില്ലാത്തവരും നിരവധിയാണ്. . ഇവിടെയെത്തുന്നവരെ കാത്ത് രഹസ്യമായി ഏജന്റ് മാരും ഉണ്ടാകും. രാത്രി 7 മുതൽ പുലർച്ചെ 7 മണിവരെ വിവിധ സ്വകാര്യ ബസ്സുകളിൽ വന്നിറങ്ങുന്നത് നിരവധി ഇതര സംസ്ഥാനക്കാരാണ്.

കണ്ണ് കെട്ടി നഗരസഭ

സ്റ്റാന്റിൽ കേന്ദ്രീകരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ സമീപത്തെ കാടുപിടിച്ച സ്ഥലങ്ങളിൽ പല സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നു. ഒപ്പം ജില്ലയുടെ ഹൃദയ ടൗൺ ആയ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ സുരക്ഷിതത്വമായൊ ശുചിത്വമായോ പരിപാലിക്കാൻ നഗരസഭയ്ക്ക് സാധിക്കുന്നില്ല. നഗരത്തെ ഭീതിയിലാഴ്ത്തുന്ന ഈ പ്രവണതക്കെതിരെ ഇതുവരേയും നഗര സഭയുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലും ഉണ്ടായിട്ടില്ല. ബസ് സ്റ്റാൻഡിനു പുറമേ നഗരവീഥികളിലെല്ലാം ഇതര സംസ്ഥാന തൊഴിലാളികളുടെ പരാക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്.