പീരുമേട്: പത്തു വയസ്സ് കാരി അളകനന്ദ പെരിയാറിന്റെആഴങ്ങളിൽനിന്ന് നീന്തിക്കയറിയത് ജീവിതത്തിലേക്കായിരുന്നു. ഹെലിബറിയ വള്ളക്കടവ് ഒന്നാം നമ്പർ മലമ്പാറയ്ക്കൽ അഭിലാഷ്‌കുമാറിന്റെയും സംഗീതയുടെയും ഏക മകളായ പത്തു വയസ്സുകാരി അളകനന്ദ ശനിയാഴ്ച രാവിലെ 9 മണിയോടുകൂടി അമ്മയോടൊപ്പം വരുമ്പോളാണ് കൈവരി തകർന്ന ഇടുങ്ങിയ പാലത്തിലൂടെ പെരിയാർ നദിയിലേക്ക് വീണത്. വീഴുമ്പോൾ കൂടെ അമ്മ സംഗീതയും ഉണ്ടായിരുന്നു. എന്നാൽ അമ്മ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ച് നോക്കി നിൽക്കേണ്ടിവന്ന നിമിഷം ഒച്ചത്തിൽ ശബ്ദം ഉണ്ടാക്കി വിളിച്ചു കൂവി വെള്ളത്തിലേക്ക് എടുത്തു ചാടാൻ ശ്രമിച്ച സംഗീതയെ ഓടിയെത്തിയ നാട്ടുകാർ തടയുകയായിരുന്നു. നീന്തൽ അറിയാമായിരുന്ന കൊച്ചു മിടുക്കി അളകനന്ദ സാവധാനത്തിൽ നീന്തി നീന്തി തീരത്ത് എത്തുകയായിരുന്നു.
മ്ലാമല വിമൽ ജ്യോതി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അളകനന്ദ പഠനം ഇല്ലാത്ത ദിവസങ്ങളിൽ പുസ്തകവു മായി അമ്മയോടൊപ്പം സംഗീത ജോലി ചെയ്യുന്ന കെ. ചപ്പാത്തിലെ സ്വകാര്യ സ്ഥാപനത്തിൽ വരുമായിരുന്നു. സംഗീത നദിയിൽ കുളിക്കാനും തുണി അലക്കാനും പോകുമ്പോൾ കുഞ്ഞ് അളകനന്ദയും ഒപ്പം പോയിരുന്നു. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അളകനന്ദ നീന്തൽ പഠിച്ചത്. നീന്തി കയറിയ അളകനന്ദയെ ആലടി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പാലത്തിന്റെ വശത്ത് കാൽമുട്ട് തട്ടിയപ്പോൾ പറ്റിയ ചെറിയ മുറിവ് ഡോക്ടർ പരിശോധിച്ചു
പ്രാഥമിക ചികൽസ നൽകി.