പീരുമേട്: തൊഴിലാളികൾക്ക് നിയമപരമായ ആനുകൂല്യങ്ങൾ നൽകാതെ തൊഴിലുടമ ഉപേക്ഷിച്ചുപോയതും അടച്ചതുമായ തോട്ടങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനും തൊഴിലാളികളുടെ സഹകരണസംഘങ്ങൾ രൂപീകരിച്ച് ഏറ്റെടുക്കുന്നതിനും ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്ന് നിയമസഭയിൽ വാഴൂർ സോമൻ എം.എൽ.എ ആവശ്യപെട്ടു.ഭൂപരിഷ്‌കരണ നിയമപ്രകാരം തോട്ട ഭൂമിയുടെ പരിരക്ഷ നേടിയിട്ടുള്ള പീരുമേട്ടിലെ എം എം ജെ പ്ലാന്റേഷൻസ് വക കോട്ടുമല ,ബോണാമി എസ്റ്റേറ്റുകളും പീരുമേട് ടി കമ്പനിയുടെ വക ചീന്തലാർ ,ലോൺട്രീ എസ്റ്റേറ്റുകളും തൊഴിലാളികൾക്ക് തൊഴിൽ നൽകാനോ നടപടി സ്വീകരിക്കാതെ ഉപേക്ഷിച്ച്‌പോയതാണ്. പല തോട്ടം ഉടമകളും ഭൂമി കൈവശപ്പെടുത്തുകയും ആയിരക്കണക്കിന് ഏക്കർ ഭൂമി കൃഷിചെയ്യാതെ തരിശുഭൂമിയായി കിടക്കുന്നു. ഇത്തരം ഭൂമികൾ സർക്കാർ ഏറ്റെടുക്കുകയോ തൊഴിലാളികളുടെ സഹകരണ സംഘങ്ങൾ രൂപീകരിച്ച് അവരെ ഏൽപ്പിക്കാൻ നിയമനിർമാണം നടത്താനുള്ള നടപടി സ്വീകരിക്കണമെന്ന് വാഴൂർ സോമൻ ആവശ്യപ്പെട്ടു .

പൂട്ടിയ തോട്ടങ്ങൾ തൊഴിലാളികളുടെ സഹകരണ സംഘങ്ങൾ രൂപവൽക്കരിച്ച് ഏറ്റെടുത്തു നടത്തുന്നതിനും ആവശ്യമായ നിയമനിർമ്മാണ നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ അംഗീകരിച്ച സമഗ്ര തോട്ടം നയത്തിൽ വ്യവസ്ഥയുണ്ടെന്നും അവ എത്രയും വേഗം നടപ്പിലാക്കാനും നിയമ നിർമ്മാണം നടത്താനും വേണ്ട നടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി മറുപടി നൽകി .