കുമളി: വികസനം പാടില്ലെന്നല്ല, പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന അശാസ്ത്രീയ വികസന അജണ്ടകൾ പാടില്ലെന്നാണ് കമ്മ്യൂണിസ്റ്റ് നിലപാടെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.രണ്ട് ദിവസമായി കുമളിയിൽ നടന്നുവന്ന എ .ഐ. വൈ .എഫ് സംസ്ഥാന ശില്പ ശാലയിൽ പരിസ്ഥിതിയും വികസനവും മാർക്സിയൻ കാഴ്ചപ്പാടുകളും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു വികസനവും പാടില്ലെന്ന് മാർക്സ് പറഞ്ഞിട്ടില്ല. പരിസ്ഥിതിയും വികസനം തമ്മിൽ പൊരുത്തപ്പെട്ടുപോകണം, ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും വെറും വാക്കുകളല്ല. ഇടുക്കിയിൽ ഉഷ്ണതരംഗം നടക്കുന്ന അതേ മാസം തന്നെ കളമശ്ശേരിയിൽ മേഘവിസ്‌ഫോടനം നടക്കുന്നു. ഒരുമാസം തന്നെ സംസ്ഥാനത്ത് കേളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ കാലാവസ്ഥ വ്യതിയാനങ്ങൾ സംഭവിക്കുന്നു. ആഗോളതാപനത്തിന്റെ കാലം കഴിഞ്ഞെന്നും ഗ്ലോബൽ ബോയിലിങ് ആണ് ഇപ്പോൾ നടക്കുന്നതെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് പരിസ്ഥിതിയെ കുറിച്ചും വികസനത്തെ കുറിച്ചും ഇടത് സംഘടനകൾ കൂടുതൽ കാര്യക്ഷമമായി പഠിച്ച് നിലപാടുകൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റവന്യൂ മന്ത്രി കെ. രാജൻ ശില്പശാലയെ അഭിസംബോധന ചെയ്തു സംസാരിച്ചു.തുടർന്ന് ഓപ്പൺ ഫോറം സംഘടിപ്പിച്ചു.സംഘടനയുടെ ഭാവി പരിപാടികളുമായി ബന്ധപ്പെട്ട ക്രിയാത്മക ചർച്ചകൾ ഓപ്പൺ ഫോറത്തിൽ ഉരിത്തിരിഞ്ഞു വന്നു.പ്രവർത്തന പരിപാടിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ മറുപടി നൽകി.സി .പി .ഐ സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു.ടൈറ്റസ് നന്ദി പറഞ്ഞു.