കട്ടപ്പന: സി.പി.എമ്മിനെ തിരുത്തി മുന്നണിയെ നന്നാക്കാമെന്നുള്ള ബിനോയി വിശ്വത്തിന്റെ ശ്രമം വെറും പാഴ് വേലയാണെന്ന് എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി. പുള്ളി പുലിയുടെ പുള്ളി മാറ്റാൻ ശ്രമിക്കുന്നതു പോലെയാണ് സി.പി.എമ്മിനെ നന്നാക്കാൻ ശ്രമിക്കുക എന്ന 1982ലെ എ.കെ. ആന്റണിയുടെ പ്രസ്താവന ബിനോയി വിശ്വം ഓർക്കുന്നത് നന്നായിരിക്കും. 'എന്നെ തല്ലേണ്ടച്ചാ ഞാൻ നന്നാവില്ല" എന്ന പഴംചൊല്ല് സി.പി.എമ്മിന്റെ കാര്യത്തിൽ യാഥാർത്ഥ്യമാണ്. സി.പി.ഐ ഇടതു മുന്നണി വിട്ട് സ്വയം രക്ഷപ്പെടാൻ ശ്രമിക്കണം. സി.പി.എമ്മിന് ബംഗാളിൽ സംഭവിച്ചത് തന്നെ കേരളത്തിലും സംഭവിക്കും. സി.പി.ഐ ഇടതുമുന്നണി വിടണമെന്ന യു.ഡി.എഫ് കൺവീനർ എം.എം. ഹസന്റെ അഭിപ്രായം സി.പി.ഐ ഗൗരവമായി കാണണം. മുന്നണി വിട്ടുവരുന്ന സി.പി.ഐയെ കോൺഗ്രസ് ഇരുകൈയും നീട്ടി സ്വീകരിക്കും. കോൺഗ്രസിനോട് ചേർന്നു നിന്ന കാലം സി.പി.ഐയുടെ സുവർണ്ണ കാലമായിരുന്നു എന്ന കാര്യം ഓർക്കുന്നത് കൊണ്ടാണ് ജില്ല ഉൾപ്പെടെയുള്ള സി.പി.ഐ അണികളും ഒരു വിഭാഗം നേതാക്കളും മുന്നണി വിടണമെന്ന് അഭിപ്രായപ്പെട്ടത്. പാർട്ടി ഇടതു മുന്നണിയിൽ നിന്നാൽ ഇതിനേക്കാൾ വലിയ തിരിച്ചടി ഉണ്ടാകും. കാരണം ചെങ്കൊടിയ്ക്ക് തീ പിടിക്കുന്ന കാലമാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നതെന്ന വസ്തുത സി.പി.ഐയും ബിനോയി വിശ്വവും തിരിച്ചറിയണമെന്ന് അദ്ദേഹം കട്ടപ്പനയിൽ പറഞ്ഞു.