അടിമാലി : കൊച്ചിോധനുഷ് കോടിദേശീയപാത പദവി മാറ്റുന്നതിനെതിരെ വ്യാഴാഴ്ച്ച ഉപരോധസമരം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ റോഡിനായി അനുവദിക്കപ്പെട്ട ഭൂമി എത്രയും വേഗം സർവ്വേ നടപടികൾ പൂർത്തിയാക്കി ഏറ്റെടുത്തു ദേശിയ പാത അതോറിറ്റിക്ക് കൈമാറാമെന്നും,അശാസ്ത്രീയ റോഡ് നിർമ്മാണം അവസാനിപ്പിക്കണമെന്നും റോഡരുകിൽ നിൽക്കുന്ന മരങ്ങൾ എത്രയും വേഗം മുറിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് ഹൈറേഞ്ച് നാഷണൽ ഹൈവേ സംരക്ഷണ സമിതിയുടെ നേതൃത്തത്തിലാണ് രാവിലെ 11 ന് വാളറയിൽ ദേശീയപാത ഉപരോധവും മരംമുറിക്കൽ സമരവും നടത്തുമെന്ന് ഹൈറേഞ്ച് നാഷണൽ ഹൈവേ സംരക്ഷണ സമിതിനേതാക്കൾ അറിയിച്ചു
.ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച മൂന്നാർ ഉൾപ്പെടെയുള്ള ജില്ലയിലെ ടൂറിസം പ്രാധാന്യമുള്ള ഹൈറേഞ്ച് മേഖലയുടെ വികസനത്തിന് നേര്യമംഗലം മുതൽ വാളറ പ്രദേശത്തുകൂടെയുള്ള റോഡിന്റെ വീതിക്കുറവ് വളരെ അധികം പ്രതിസന്ധി സൃഷിച്ചിരിക്കെ കോടതി വിധി അതീവ പ്രാധാന്യമുള്ളതാണ് .നിരന്തരം അപകടം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ മേഖലയിൽ അറ്റകുറ്റ പണികൾ നടത്തുന്നതിനും കലുങ്കുകൾ നിർമ്മിക്കുന്നതിനും റോഡിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടിയിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും റോഡിലേക്ക് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനും വനം വകുപ്പ് ഉദ്യോഗസ്ഥർ തടസ്സം നിൽക്കുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത് .റോഡിന്റെ നാഷണൽ ഹൈവേ സ്റ്റാറ്റസ് മാറ്റാനും പണിപൂർത്തിയാക്കി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറാനും നീക്കം നടക്കുന്നതായും ആരോപണം ഉയരുന്നു.നാലുവരി പാതയെങ്കിലും ആയി വികസിപ്പിക്കേണ്ടതായ ഈ റോഡിന്റെ വീതി കുറയ്ക്കാനും നാഷണൽ ഹൈവേ എന്നുള്ള സ്റ്റാറ്റസ് ഇല്ലാതാക്കാനും ഉള്ള എല്ലാ ശ്രമങ്ങളും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ മുഴുവൻ സംഘടനകളും ചേർന്നുള്ള സമിതിയാണ് സമരങ്ങൾക്കു് നേതൃത്വം കൊടുക്കുന്നത്.