kattana
ആറളം ഫാമിൽ നിന്ന് തുരത്തിയ കാട്ടാനക്കൂട്ടം

ഇരിട്ടി: ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനായി നടപ്പാക്കിയ ഓപ്പറേഷൻ എലിഫന്റ് ദൗത്യത്തിന്റെ ഭാഗമായുള്ള പത്താം ഘട്ടത്തിൽ കഴിഞ്ഞ ദിവസം 20 ഓളം കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് കയറ്റി വിട്ടു. കോട്ടപ്പാറ മേഖലയിലൂടെയാണ് ദൗത്യസംഘം കുട്ടികൾ അടങ്ങിയ കാട്ടാന കൂട്ടത്തെ വനമേഖലയിലേക്ക് കയറ്റി വിട്ടത്. 50 അംഗ സംഘം വിവിധ ടീമുകളായി തിരിഞ്ഞ് തെരച്ചിൽ നടത്തിയാണ് കാട്ടാനകളെ കണ്ടെത്തി തുരത്തുന്നത്.

ഫാമിൽ നിന്നും കാടുകയറ്റുന്ന കാട്ടാനകൾ തിരികെയെത്തി അക്രമം നടത്തുന്നതായി ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് 20 ആനകളെ കൂടി കാടുകയറ്റിയത്. ഓപ്പറേഷൻ എലിഫന്റ് പദ്ധതി നടപ്പാക്കിയെങ്കിലും കഴിഞ്ഞദിവസങ്ങളിൽ ഫാമിൽ കാട്ടാന ശല്യം നേരിട്ടിരുന്നു. നിർമ്മാണത്തിലിരിക്കുന്ന ആന മതിൽ പൂർത്തിയായാലേ പ്രതിരോധം സാധ്യമാകൂ എന്നാണ് ജനങ്ങൾ പറയുന്നത്.

കാട്ടാനകളെ തുരത്താൻ ആസൂത്രണം ചെയ്ത ഓപ്പറേഷൻ എലിഫന്റ് ദൗത്യം കഴിഞ്ഞ മാസം 12 വരെയാണ് നിശ്ചയിച്ചതെങ്കിലും കാട്ടാനകളെ മുഴുവനായി തുരത്താൻ കഴിയാത്തതിനാൽ ദൗത്യം നീണ്ടുപോവുകയാണ്. മാർച്ചിൽ രണ്ടു ഘട്ടമായും ഏപ്രിൽ 2ാം വാരവും നടത്തിയ ശേഷം നിർത്തി വച്ച ആനതുരത്തലാണ് കഴിഞ്ഞമാസം 7ന് പുനരാരംഭിക്കുകയായിരുന്നു.
ആറളം ഫാമിൽ തമ്പടിച്ച ആനകളെ കയറ്റി വിടാനുള്ള പരിശ്രമത്തിനിടെ 4 തവണ കാട്ടാനക്കൂട്ടം ദൗത്യ സംഘത്തെ നയിക്കുന്നവരുടെ ജീപ്പിന് നേരെ പാഞ്ഞടുത്തു. വാഹനങ്ങൾ പിറകോട്ടെടുത്തും ശബ്ദമുണ്ടാക്കിയും സംഘം രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാർച്ച് 3 മുതൽ 7 വരെ ആദിവാസി പുനരധിവാസ മേഖലയിൽ നിന്നും അഞ്ച് ആനകളെ തുരത്തിയാണ് ഓപ്പറേഷൻ എലഫന്റ് ദൗത്യം ആരംഭിച്ചത്. മാർച്ച് എട്ട് മുതൽ പത്ത് വരെയുളള രണ്ടാംഘട്ടത്തിൽ ആറളം ഫാം കൃഷിയിടത്തിൽ നിന്നും പതിമൂന്ന് ആനകളെ തുരത്തിയിരുന്നു. ഏപ്രിൽ 9 മുതൽ 11 വരെയുളള മൂന്നാം ഘട്ടത്തിൽ പുഃനരധിവാസ മേഖലയിൽ നിന്നും കൃഷിയിടത്തിൽ നിന്നും 16 ആനകളെയാണ് തുരത്തിയത്. ഇതിന് പുറമെ തനിയെ കടന്നുപോയത് 20 ആനകളാണെന്നും ദൗത്യ സംഘം കണക്കാക്കുന്നു. ഇങ്ങനെ തുരത്തുന്ന കാട്ടാനകൾ തിരിച്ച് ഫാമിൽ പ്രവേശിക്കാതിരിക്കുവാൻ വനം വകുപ്പ് അധികൃതർ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ആനകൾ തിരികെയെത്തുന്നതായാണ് പരാതി.

37.9 കോടി രൂപ ചെലവിൽ 10.5 കിലോ മീറ്റർ ദൂരത്തിൽ നിർമ്മാണം നടക്കുന്ന ആനമതിൽ പൂർത്തിയാകുന്നതോടെ മാത്രമേ ആറളം ഫാമിലും പുനരധിവാസ മേഖലയിലും ആന ശല്യം ഒഴിയുകയുള്ളൂ.

നാട്ടുകാർ

അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിലെ ജനവാസ മേഖലയായ എടപ്പുഴ വാളത്തോട് മേഖലകളിൽ ആഴ്ചകൾക്ക് മുമ്പ് ആനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. കൃഷികൾ നശിപ്പിക്കുന്ന ആനകൾ ആറളം ഫാം മേഖലയിൽ നിന്നും വനത്തിലേക്ക് തുരത്തിയ ആനകളാണെന്ന് സംശയിക്കുന്നതായി പ്രദേശവാസികൾ ആരോപിച്ചു. എടപ്പുഴ പള്ളിക്ക് സമീപം 200 മീറ്റർ ദൂരത്തിൽ ജനവാസ മേഖലയിലാണ് കൃഷിയിടത്തിൽ ആനക്കൂട്ടം നാശം വിതച്ചത്.

ആറളം ഫാം ഒന്നാം ബ്ലോക്കിൽ തേങ്ങ പറിക്കൽ തൊഴിലിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ട യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. തെങ്ങുകയറ്റ തൊഴിലാളി സുധീഷ്, സൂപ്പർവൈസർമാരായ നന്ദു, അനുരാഗ് എന്നിവരാണ് കാട്ടാനയുടെ മുന്നിൽ നിന്നും രക്ഷപ്പെട്ടത്. റോഡിലൂടെ നടന്നു വരുന്നതിനിടെ ആന ചിഹ്നം വിളിച്ച് ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. തേങ്ങയും ഉപേക്ഷിച്ച് ഇവർ ഓടി രക്ഷപ്പടുന്നതിനിടെ ആന തേങ്ങനിറച്ച ചാക്കിനു നേരെ തിരിഞ്ഞതിനാലാണ് ഇവർ രക്ഷപ്പെട്ടത്.