kasargod

കാസർകോട്: നാലിന് നടക്കുന്ന വോട്ടെണ്ണലിന് കാസർകോട് ലോകസഭാ മണ്ഡലത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.പെരിയ കേരള കേന്ദ്ര സർവ്വകലാശാലയിലെ ഗംഗോത്രി, കാവേരി, സബർമതി എന്നീ ബ്ലോക്കുകളിലായാണ് ഏഴ് നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ നടക്കുകയെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഗംഗോത്രി ബ്ളോക്കിൽ മഞ്ചേശ്വരം, കാസർകോട്, ഉദുമ നിയോജകമണ്ഡലങ്ങളിലേയും കാവേരി ബ്ളോക്കിൽ കാഞ്ഞങ്ങാട്,തൃക്കരിപ്പൂർ, പയ്യന്നൂർ,കല്യാശ്ശേരി നിയോജകമണ്ഡലങ്ങളിലേയും വോട്ടെണ്ണും. സബർമതി ബ്ളോക്കിലാണ് പോസ്റ്റൽ ബാലറ്റ് എണ്ണുന്നത്.

വോട്ടെണ്ണൽ ക്രമീകരണം ഇങ്ങനെ
ഗംഗോത്രി ബ്ലോക്കിൽ രാവിലെ നാലിന് പോസ്റ്റൽ ബാലറ്റ് സ്ട്രോംഗ് റൂം

രാവിലെ അഞ്ചിന് നർമ്മദ ബ്ലോക്കിൽ വരണാധികാരികളുടെ ജീവനക്കാർ ഹാജരാകും

സബർമതി ഹാളിൽ രാവിലെ ജീവനക്കാരുടെ മൂന്നാം ഘട്ട റാൻഡമൈസേഷൻ

രാവിലെ ആറിന് കൗണ്ടിംഗ് ജീവനക്കാർ നർമ്മദ ബ്ലോക്കിൽ റിപ്പോർട്ട് ചെയ്യും

രാവിലെ ആറിന് ഇ.വി.എം മഞ്ചേശ്വരം നിയമസഭാ മണ്ഡലം സ്ട്രോംഗ് റൂം തുറക്കും

തുടർന്ന് മറ്റ് മണ്ഡലങ്ങളിലെ സ്ട്രോംഗ് റൂമുകൾ തുറക്കും

 പോസ്റ്റൽ ബാലറ്റ് കൗണ്ടിംഗ് ജീവനക്കാരും സ്ഥാനാർത്ഥികളുടെ ഏജന്റുമാരും രാവിലെ ഏഴിന് സബർമതിയിൽ  രാവിലെ എഴരക്ക് ഇ.വി.എം കൗണ്ടിംഗ് സ്റ്റാഫും ഏജന്റുമാർ കൗണ്ടിംഗ് റൂമുകളിൽ

രാവിലെ എട്ടിന് പോസ്റ്റൽ വോട്ട്

രാവിലെ എട്ടിന് പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങും. രാവിലെ 8.30 മുതൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണും.1500 ഓളം ജീവനക്കാരും ഒമ്പത് സ്ഥാനാർത്ഥികളും ഒമ്പത് ഏജന്റുമാരും 663 ഏജൻറുമാരും കൗണ്ടിംഗ് സെന്ററിലെത്തും.

സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥർ

കാസർകോട് : വോട്ടെണ്ണൽ ദിവസം സംഘർഷ സാദ്ധ്യതാ പ്രദേശങ്ങളിൽ പൊലീസ് കർശന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംഘർഷങ്ങൾ തടയാൻ നാല് തവണയായി പരിശോധന നടത്തും ശക്തമായ നിരീക്ഷണവും ഏർപ്പെടുത്തും. 1200 പൊലീസ് ഉദ്യോഗസ്ഥരെ ഡ്യുട്ടിക്കായി ജില്ലയിൽ നിയമിച്ചിട്ടുണ്ട്. അതിന് പുറമെ പ്രത്യേക സേനയുടെയും മറ്റു ജില്ലകളിൽ നിന്നും എത്തുന്ന സേനയുടെയും സേവനം ഉണ്ടാകും. വോട്ടെണ്ണൽ കേന്ദ്രമായ പെരിയ കേന്ദ്ര സർവ്വകലാശാലക്ക് പുറത്ത് ഗതാഗത തടസം ഉണ്ടാകുന്ന വിധത്തിൽ ആളുകൾ കൂട്ടം കൂടുകയോ ആഹ്ലാദ പ്രകടനം നടത്തുകയോ ചെയ്യരുത്. വൈകുന്നേരം ആറു മണിക്ക് ശേഷം ആഹ്ലാദ പ്രകടനം തടയുമെന്നും പൊലീസ് ചീഫ് വ്യക്തമാക്കി.