karadukka

കാസർകോട്: കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ സൊസൈറ്റിയിൽ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിൽ പോയ മുഖ്യപ്രതിയായ സൊസൈറ്റി സെക്രട്ടറി കർമ്മംതൊടിയിലെ കെ.രതീഷിനെ പിടികൂടാൻ ബേക്കൽ ഡിവൈ.എസ്.പി ജയൻ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘത്തെ കൂടി കാസർകോട് ജില്ലാ പൊലീസ് മേധാവി പി.ബിജോയ് നിയോഗിച്ചു. ആദൂർ ഇൻസ്‌പെക്ടർ സഞ്ജയ് കുമാർ അടക്കം ആറ് പൊലീസ് ഉദ്യോഗസ്ഥർ അടങ്ങിയതാണ് പുതിയ അന്വേഷണ സംഘം.

കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷിബു പാപ്പച്ചനും സംഘവും നടത്തിവരുന്ന അന്വേഷണത്തിന് പുറമെയാണ് പ്രതിയെ പിടികൂടുന്നതിന് മാത്രമായി മറ്റൊരു സ്‌പെഷ്യൽ സ്‌കോഡിനെ കൂടി നിയോഗിച്ചത്. സഹകരണ സംഘത്തിൽ നിന്ന് കവർന്ന പണവും സ്വർണ്ണവും കണ്ടെത്തുന്നതും വിവിധ രേഖകൾ പരിശോധിക്കുന്നതുമടക്കം നിലവിലുള്ള അന്വേഷണസംഘത്തിന് കൂടുതൽ സമയം ആവശ്യമായ സാഹചര്യത്തിലാണ് ജില്ല പൊലീസ് ചീഫിന്റെ പുതിയ നീക്കം. കേസിൽ മൂന്ന് പ്രതികളെ നേരത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതിക്ക് പുറമെ കേസിൽ കൂട്ടുപ്രതികളായി ഉള്ളവരെയും കസ്റ്റഡിയിലെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

തട്ടിയെടുത്ത സ്വർണം കണ്ടെടുത്തു

സൊസൈറ്റിയിൽ നിന്ന് കടത്തിക്കൊണ്ടുപോയി വിവിധ ബാങ്കുകളിൽ പണയം വെച്ച 1.25 കോടി രൂപയുടെ സ്വർണ്ണം ക്രൈംബ്രാഞ്ച് കണ്ടെടുത്തുകഴിഞ്ഞു.എന്നാൽ തട്ടിയെടുത്ത മൂന്നരകോടിയിലധികം രൂപയെക്കുറിച്ച് ഇതുവരെ അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടില്ല. വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നാണ് സൊസൈറ്റിയിൽ നിന്ന് കടത്തികൊണ്ടുപോയി പണയപ്പെടുത്തിയ സ്വർണം കണ്ടെടുത്തത്. ഇത് കോടതിയിൽ ഹാജരാക്കുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു.

കോടികൾ വെട്ടിച്ച സെക്രട്ടറി

കഴിഞ്ഞ മേയ് 13നാണ് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ സൊസൈറ്റിയിലെ തട്ടിപ്പ് സംബന്ധിച്ച് ആദൂർ പൊലീസിൽ പ്രസിഡന്റ് മുഖേന പരാതി നൽകിയത്. സഹകരണ വകുപ്പിന്റെ പരിശോധനയിൽ നേരത്തെ ക്രമക്കേട് ബോദ്ധ്യപ്പെടുകയും സെക്രട്ടറിയോട് തുക തിരിച്ചടക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.എന്നാൽ സെക്രട്ടറി രതീഷ് മുങ്ങിയ ശേഷം മാത്രമാണ് പരാതി പൊലീസിൽ എത്തിയത്.

പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ പരിശോധിക്കുന്നതും പണയപ്പെടുത്തിയ സ്വർണമടക്കം കണ്ടെത്തുന്നതുമടക്കം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഭാരിച്ച ഉത്തരവാദിത്വമാാണുള്ളത്. ഒളിസങ്കേതം നിരന്തരം മാറുന്ന മുഖ്യപ്രതിയെ കണ്ടെത്താനാണ് ബേക്കൽ ഡിവൈ .എസ്.പിയെയും സംഘത്തെയും ചുമതലപ്പെടുത്തിയത്. അതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് അന്വേഷണത്തിന് രണ്ടു സംഘങ്ങൾ ഉണ്ടാക്കിയത്- പി.ബിജോയ് (കാസർകോട് ജില്ലാ പൊലീസ് ചീഫ്)​