sfi

കണ്ണൂർ : കണ്ണൂർ സർവകലാശാല സെനറ്റിലെ ജനറൽ കൗൺസിൽ ഓഫ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്‌.എഫ്‌.ഐക്ക്‌ ഉജ്വലവിജയം. പത്തിൽ ആറ്‌ സീറ്റ്‌ നേടിയാണ്‌ എസ്‌.എഫ്‌.ഐ സ്ഥാനാർത്ഥികൾ വിജയിച്ചത്‌.സർവ്വകലാശാല ചരിത്രത്തിൽ ആദ്യമായി കെ.എസ്.യു പ്രതിനിധികൾ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.രണ്ടു സീറ്റിലാണ് കെ.എസ്.യു കന്നി വിജയം നേടിയത്. പാലയാട്‌ ഡോ. ജാനകി അമ്മാൾ ക്യാമ്പസ് ബി.എ എൽ.എൽ.ബി രണ്ടാം വർഷ വിദ്യാർത്ഥി വൈഷ്‌ണവ്‌ മഹേന്ദ്രൻ, ബി.എ എൽ.എൽ.ബി നാലാം വർഷ വിദ്യാർത്ഥി പി.എസ്.സഞ്‌ജീവ്‌, മുന്നാട് പീപ്പിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എം.ബി.എ ഒന്നാം വർഷ വിദ്യാർത്ഥി അഖില പീറ്റർ, ജേർണലിസം ആൻഡ്‌ മീഡിയ സ്റ്റഡീസ്‌ ഒന്നാം വർഷ വിദ്യാർത്ഥി കെ. ആര്യ, മാടായി കോ–ഓപ്പറേറ്റീവ് ആർട്സ് ആൻഡ്‌ സയൻസ് കോളേജ് ബി.എ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥി അൽന വിനോദ്‌, മാനന്തവാടി ഗവ. കോളേജ് ബി.എസ്‌.സി ഫിസിക്സ് രണ്ടാം വർഷ വിദ്യാർത്ഥി കെ.വി.നന്ദഗോപാൽ എന്നിവരാണ്‌ വിജയിച്ച എസ്‌.എഫ്‌.ഐ സ്ഥാനാർത്ഥികൾ. കെ.എസ്‌.യു സ്ഥാനാർത്ഥികളായ ആഷിത്ത്‌ അശോകൻ, സൂര്യ അലക്‌സ്‌, എം.എസ്‌.എഫ്‌ സ്ഥാനാർത്ഥികളായ ടി.പി.ഫർഹാന, ടി.കെ.മുഹമ്മദ്‌ ഹസീബ്‌ എന്നിവരും സെനറ്റിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. വിജയിച്ച സ്ഥാനാർത്ഥികളുമായി എസ്‌.എഫ്‌.ഐ,കെഎസ്‌ .യു, എം.എസ്.എഫ് പ്രവർത്തകർ കണ്ണൂർ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. കണ്ണൂർ താവക്കര ക്യാമ്പസിൽനിന്നാരംഭിച്ച പ്രകടനം പഴയ ബസ്‌ സ്‌റ്റാൻഡിൽ സമാപിച്ചു.