കണ്ണൂർ: രണ്ടു മാസത്തെ വേനലവധിക്കു ശേഷം ഇന്ന് വിദ്യാലയ മുറ്റങ്ങൾ ഉണരും. വിപുലമായ പ്രവേശനോത്സവത്തോടെ നവാഗതരെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഓരോ വിദ്യാലയങ്ങളും. ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനത്തിൽ ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും സാഹിത്യകാരന്മാരുമടക്കമുള്ളവർ പങ്കെടുക്കും.
ചെറിയ ക്ലാസിലെ കുട്ടികളെ വരവേൽക്കുന്നതിന് ക്ലാസ് മുറിയാകെ കാർട്ടൂണിലെ ഇഷ്ട കഥാപാത്രങ്ങൾ ഉൾപ്പെടെ
ഇടംപിടിച്ചിട്ടുണ്ട്. പുതിയ കുട്ടികളെ വരവേൽക്കാൻ ക്ലാസ്‌മുറികൾ അലങ്കരിക്കുന്നതിന്റെ തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം അദ്ധ്യാപകരും സ്കൂൾ അധികൃതരും. പുതിയ പാഠപുസ്‌തകങ്ങളിലെ ആശയങ്ങൾ ഉൾക്കൊള്ളിച്ചുള്ള ചിത്രങ്ങൾ വരച്ചും ബലൂണുകളും തോരണങ്ങളുമെല്ലാം തൂക്കി അലങ്കരിച്ചും പ്രവേശനോത്സവം ഇക്കുറി കളറാകും. നവാഗതരെ പൂച്ചെണ്ടുകളും കളിപ്പാട്ടങ്ങളും പ്രത്യേക സമ്മാനങ്ങളും നൽകി വരവേൽക്കും.
ജില്ലാതല സ്കൂൾ പ്രവേശനോത്സവം ചിറ്റാരിപറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് നടക്കുന്നത്. പ്രവേശനോത്സവ ഗാനത്തോടെ പരിപാടിക്ക് തുടക്കമാകും. കെ.കെ ശൈലജ എ.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അദ്ധ്യക്ഷത വഹിക്കും. കണ്ണൂർ ജില്ലാപഞ്ചായത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം കണ്ണൂർ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ ഉപഡയറക്ടർ പ്രവേശനോത്സവ സന്ദേശം നൽകും. തുടർന്ന് നവാഗതർക്കുള്ള മാവിൻ തൈ വിതരണവും പുള്ളിക്കുട വിതരണവും നടക്കും. വിവിധ കലാ പരിപാടികളും അരങ്ങേറും.
വലിയ മാറ്റങ്ങളോടെയാണ് ഇത്തവണ സ്കൂൾ തുറക്കുന്നത്. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. വലിയ ഇടവേളക്ക് ശേഷം ഒന്നാം ക്ലാസിൽ അക്ഷരമാലയും തിരികെയെത്തി.
1687 വിദ്യാലയങ്ങൾ
അൺ എയ്ഡഡ് വിദ്യാലയങ്ങൾ ഉൾപ്പെടെ ജില്ലയിൽ 1687 വിദ്യാലയങ്ങളാണ് ഉള്ളത്. ഇതിൽ1285ഉം പൊതു വിദ്യാലയങ്ങളാണ്. പൊതു വിദ്യാലയങ്ങളിലെ ഒന്നാംക്ലാസിൽ ഇത്തവണ പ്രവേശനം നേടിയിരിക്കുന്നത് ആയിരത്തിലേറെ കുട്ടികളാണ്. പരിസര ശുചീകരണം, സുരക്ഷാ പരിശോധന, വിദ്യാലയങ്ങൾ മോടി പിടിപ്പിക്കൽ, മറ്റ് അറ്റകുറ്റപ്പണികൾ എല്ലാം തന്നെ കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയാക്കിയിട്ടുണ്ട്. ജില്ലയിൽ പാഠപസ്തക വിതരണവും പൂർത്തിയായി. വിദ്യാലയങ്ങളിൽ ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനുള്ള നടപടി ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിപ്പിക്കും. സ്‌കൂൾ ബസ്സുകൾ, കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്‌നസ് ഗതാഗത വകുപ്പും ഉറപ്പുവരുത്തിയിട്ടുണ്ട്.