കാഞ്ഞങ്ങാട്: കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിൽ വരഞ്ഞൂരിൽ ചെങ്കല്ലറ കണ്ടെത്തി. വരഞ്ഞൂരിലും പരപ്പ വില്ലേജിലെ പ്ലാത്തടം തട്ടിൽ പള്ളത്തിനു സമീപവും പ്രാചീന കാലഘട്ടത്തിലെ മനുഷ്യർ പാറകളിൽ ഇരുമ്പായുധം കൊണ്ട് കോറിയിട്ട ശിലാ ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശിക പുരാവസ്തു നിരീക്ഷകനായ സതീശൻ കാളിയാനമാണ് പാറകളിൽ ഒളിഞ്ഞു കിടക്കുന്ന അടയാളങ്ങളുടെ ചരിത്ര പ്രാധാന്യം തിരിച്ചറിഞ്ഞ് കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ചരിത്രാദ്ധ്യാപകനും ചരിത്ര ഗവേഷകനുമായ ഡോ. നന്ദകുമാർ കോറോത്തിനെ അറിയിച്ചത്.
വരഞ്ഞൂരിലെ മധു ആററിപ്പിലിന്റെ പറമ്പിൽ കണ്ടെത്തിയ ചെങ്കല്ലറ 1800 വർഷങ്ങൾക്ക് മുമ്പ് മഹാശിലാ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ജനങ്ങളുടെ ചരിത്ര ശേഷിപ്പാണെന്ന് ഡോ. നന്ദകുമാർ കോറോത്ത് അഭിപ്രായപ്പെട്ടു. പറമ്പ് വൃത്തിയാക്കുമ്പോൾ അടപ്പു തുറന്ന നിലയിലുള്ള ചെറിയ ഗുഹ കണ്ടെത്തിയെങ്കിലും അത് തുറന്നു പരിശോധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വിശ്വാസത്തിന്റെ ഭാഗമായി അടക്കം ചെയ്ത മൺപാത്രങ്ങൾ ഗുഹയ്ക്കുള്ളിലെ മൺകൂനയ്ക്കുള്ളിൽ കാണാൻ സാദ്ധ്യതയുണ്ട്. ചെങ്കല്ലറയ്ക്ക് മുകളിൽ മധ്യഭാഗത്തായി സുഷിരവും ഒരു ഭാഗത്ത് അകത്ത് കയറാനുള്ള കവാടവുമുണ്ട്.
മൃഗങ്ങളുടെ വ്യക്തമല്ലാത്ത രൂപവും ജാമിതീയ രൂപങ്ങളുമാണ് പ്ലാത്തടം തട്ടിൽ കാണപ്പെടുന്നത്. വരഞ്ഞൂരിലെ ശിലാ ചിത്രത്തിൽ പ്രതിഫലിക്കുന്നത് നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യർ ഉപയോഗിച്ചിരുന്ന ചക്രങ്ങൾ ഘടിപ്പിച്ച വണ്ടിയുടെ രൂപമാകാം. കാൽപാദമെന്ന പേരിൽ പ്രാദേശികമായി വിശ്വസിച്ചു വരുന്ന സമാന രൂപത്തിലുള്ള ശിലാ ചിത്രങ്ങൾ ഭീമനടി റിസർവ്വ് വനതിർത്തിയിലുള്ള ശാസ്താ കാവിനു സമീപത്തും ചീമേനി കിഴക്കേക്കരയിലും വിശ്വാസത്തിന്റെ ഭാഗമായി നശിക്കപ്പെടാതെ നിലനിൽക്കുന്നുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യരുടെ സംസ്കാരത്തിന്റെ ശേഷിപ്പുകളാണ് കാസർകോട് ജില്ലയിലെ ചെങ്കൽ പാറകളിലെ ശിലാ ചിത്രങ്ങൾ.
ചെങ്കൽ പാറകളിൽ ചീമേനി കിഴക്കേക്കര, അരിയിട്ട പാറ, ബങ്കളം, ആലിൻകീഴിൽ, എരിക്കുളം വലിയ പാറ, വരഞ്ഞൂർ, ഭീമനടി, പ്ലാത്തടം എന്നിവിടങ്ങളിൽ കാണപ്പെടുന്ന ശിലാചിത്രങ്ങളും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കാണപ്പെടുന്ന നൂറിലധികം മഹാശിലാ സ്മാരകങ്ങളും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പഠന വിധേയമാക്കിയാൽ നവീന ശിലായുഗം മുതലുള്ള കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ കൂടുതൽ തെളിവുകൾ ലഭിക്കും.