mayyicha-
മയ്യിച്ച ജി എൽ പി സ്കൂൾ ക്ഷേത്രം കെട്ടിടത്തിൽ

പുതുതായി നാല് വിദ്യാർത്ഥികൾ മാത്രം

കാസർകോട്: സ്മാർട്ട് സ്കൂളുകളുടെ കാലത്തും മയ്യിച്ച സർക്കാർ എൽ.പി സ്കൂൾ പ്രവ‌ർത്തനം ഇത്തവണയും മയ്യിച്ച വെങ്ങാട്ട് ശ്രീ വയൽക്കര ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ. സ്കൂ‌ളിലേക്ക് ഈ അദ്ധ്യയന വർഷത്തിൽ പ്രവേശനം നേടിയത് വെറും നാല് കുട്ടികൾ മാത്രവും. സ്കൂ‌ൾ ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

സ്കൂ‌ളിന് പുതിയ കെട്ടിടം നിർമ്മിക്കാത്തതും, വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാത്തതുമാണ് കുട്ടികൾ സമീപത്തെ മറ്റ് സ്കൂളുകളിലേക്ക് പോകാൻ കാരണം. ഓരോ വർഷം കഴിയുന്തോറും ഇവിടെ കുട്ടികൾ കുറയുകയാണ്. കഴിഞ്ഞ വർഷം 57 പേർ ഉണ്ടായിരുന്നത് ഇത്തവണ നാൽപതിന് അടുത്തെത്തി. നിലവിൽ പഠിച്ചിരുന്നവരെ രക്ഷിതാക്കൾ ടി.സി വാങ്ങി മറ്റ് വിദ്യാലയങ്ങളിലേക്ക് അയയ്ക്കുകയാണ്.

നൂറ് വർഷത്തിലധികം പഴക്കമുണ്ട് ഈ വിദ്യാലയത്തിന്. രണ്ട് വർഷം മുമ്പ് പൊളിച്ചിട്ട സ്കൂ‌ളിന് പകരം കെട്ടിടം നിർമ്മിക്കാത്തതാണ് മയ്യിച്ച ജി.എൽ.പി സ്കൂൾ നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ വർഷങ്ങളിൽ പ്രവേശനോത്സവം പേരിനു മാത്രമായിരുന്നു നടന്നത്. ഇത്തവണയും മാറ്റമില്ല. ക്ഷേത്രത്തിൽ ഉത്സവം നടക്കുമ്പോൾ വിദ്യാർത്ഥികൾക്ക് അവധി കൊടുക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ കുട്ടികളെ സമീപത്തെ വീട്ടിൽ എത്തിച്ചാണ് പഠിപ്പിച്ചത്.

അമ്പല കമ്മിറ്റിയെയും കബളിപ്പിച്ച് അധികൃതർ

2022 ജൂണിൽ പ്രവേശനോത്സവത്തിന് കുട്ടികളുമായി രക്ഷിതാക്കൾ എത്തിയപ്പോഴാണ് കെട്ടിടം 'അൺ ഫിറ്റ് ' ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ എത്തിയത്. കോരിച്ചൊരിയുന്ന മഴയത്ത് കുട്ടികൾ പുറത്തുനിൽക്കുന്നത് കണ്ട് അടിയന്തരമായി ഇടപെട്ട അമ്പല കമ്മിറ്റി സ്കൂൾ നടത്തിപ്പിന് ക്ഷേത്രം ഓഡിറ്റോറിയം തുറന്നു കൊടുക്കുകയായിരുന്നു. ഒരു വർഷം കൊണ്ട് പുതിയ കെട്ടിടം പണിയുമെന്നായിരുന്നു ഉറപ്പ്. സ്കൂൾ പ്രവർത്തിക്കുന്നത് കാരണം ഉണ്ടാകുന്ന ഭീമമായ കറന്റ് ബില്ല് നൽകാമെന്നേറ്റ ചെറുവത്തൂർ ഗ്രാമപഞ്ചായത്തും മൗനം പാലിച്ചു. ഒരു ഭാഗം സ്കൂളിന് നൽകിയതിനാൽ ഓഡിറ്റോറിയത്തിൽ കല്യാണവും കുറഞ്ഞതോടെ അമ്പല കമ്മിറ്റി നേരിടുന്നത് വലിയ നഷ്ടം.

2.99 കോടി അനുവദിച്ചിട്ടും

ടെൻ‌ഡർ വരെ വിളിച്ചില്ല

കാസർകോട് പാക്കേജിൽ 2.99 കോടി രൂപ മയ്യിച്ച ഗവ. എൽ.പി സ്കൂളിന് അനുവദിച്ചെങ്കിലും ടെൻഡർ വരെ വിളിച്ചിട്ടില്ല. മണ്ണ് പരിശോധന നടത്തിയവർ നൽകിയത് നെഗറ്റീവ് റിപ്പോർട്ട്. പൈലിംഗ് നടത്തിയ സംഘം പറഞ്ഞത് അടിയിൽ ചതുപ്പെന്നാണ്. 30 അടി താഴ്ചയിൽ കോൺക്രീറ്റ് ഫില്ലർ സ്ഥാപിച്ചാലേ രണ്ട് നില കെട്ടിടം പണിയാനൊക്കുകയുള്ളൂ.

ഇങ്ങനെ മുന്നോട്ട് പോകാൻ സാധിക്കില്ല. വിദ്യാഭ്യാസ വകുപ്പും പഞ്ചായത്തും വേണ്ട രീതിയിൽ ഇടപെടുന്നില്ല.

ഒരു വർഷത്തേക്കാണ് കെട്ടിടം വിട്ടു കൊടുത്തത്. ഇതിപ്പോൾ മൂന്നാമത്തെ വർഷമായി. കെട്ടിടം പണി വേഗത്തിലാക്കുന്നതിൽ തികഞ്ഞ ഉദാസീനതയാണ് കാണിക്കുന്നത്.

-ശിശുപാലൻ (അമ്പല കമ്മിറ്റി സെക്രട്ടറി)