നീലേശ്വരം: മന്നൻപുറത്തുകാവ് കലശോത്സവത്തിന് പരിസമാപ്തി. തിരുമുറ്റവും സമീപങ്ങളും നിറഞ്ഞു കവിഞ്ഞ ഭക്തരുടെ പ്രാർത്ഥനകൾക്കും ആർപ്പുവിളികൾക്കുമിടയിൽ തെയ്യക്കോലങ്ങൾ ഒന്നൊന്നായി തിരുമുടി നിവർത്തി. ക്ഷേത്രപ്രദക്ഷിണം ചെയ്ത തെയ്യക്കോലങ്ങൾക്കൊപ്പം കലശ കുംഭങ്ങളും ക്ഷേത്ര പ്രദക്ഷിണം ചെയ്തു. മഴമാറി നിന്നതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് നാടിന്റെ മഹോത്സവത്തിന് സാക്ഷികളാകാൻ നീലേശ്വരത്തെത്തിയത്.
ഉച്ചയ്ക്ക് ശേഷം തെക്ക്, വടക്ക് കളരികളിൽ നിന്ന് അലങ്കരിച്ച കലശത്തട്ടുകൾ ആചാരപൂർവം ക്ഷേത്രത്തിലേക്കാനയിച്ചു. കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തിൽ നിന്ന് മീൻ കോവ സമർപ്പണ ഘോഷയാത്രയുമെത്തിയതോടെ കലശോത്സവ നഗരി ആവേശത്തിലായി. തട്ടാച്ചേരി വടയന്തൂർ കഴകത്ത് നിന്നും സ്ഥാനികരും വാല്യക്കാരും ക്ഷേത്രത്തിൽ എത്തി. പ്രസന്ന പൂജയ്ക്ക് ശേഷം നട തുറന്ന് എറവാട്ടച്ചൻ ബലിപ്രതീകമായി നാളികേരമുടച്ചതോടെ തെയ്യക്കോലങ്ങളുടെ വരവറിയിച്ചും വഴിയൊരുക്കിയും വീക്ക് ചെണ്ട ക്ഷേത്രം ചുറ്റി. മുഖത്തെഴുത്തു പൂർത്തിയാക്കി ഉടുത്തൊരുങ്ങിയ കോലധാരികൾ പട്ടു മേലാപ്പേന്തി ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തെത്തി.
പിന്നെ തിരുമുടിയേന്തി പുറപ്പാടായി. കളരികളിൽ നിന്നുള്ള കലശകുംഭങ്ങളുമായി കമുകിൻ പൂക്കുലയെറിഞ്ഞ് വാല്യക്കാരും ക്ഷേത്ര പ്രദക്ഷിണം ചെയ്തു. ഇന്ന് തന്ത്രി മയ്യൽ ദിലീപ് വാഴുന്നവരുടെ കാർമികത്വത്തിൽ കലശ ശുദ്ധി നടത്തി കലശോത്സവ ചടങ്ങുകൾ പൂർത്തിയാകുന്നതോടെ ജില്ലയിൽ മറ്റൊരു തെയ്യക്കാലത്തിനു കൂടി സമാപനമാകും. കലശ ചന്ത ഇന്ന് നടക്കും.