പാനൂർ: തെക്കെപാനൂർ വയൽ ഭാഗത്തെ ആർ.എസ്.എസ് പ്രവർത്തകന്റെ വീട്ടിൽ കയറി അക്രമം. അക്രമം നടത്തിയത് സി.പി.എം പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. കുനിയിൽ പൊയിൽ രജീഷിന്റെ വീട്ടിൽ കയറിയാണ് ഒരു സംഘം അക്രമം നടത്തിയത്. രജീഷ്,​ ഭാര്യ നിത്യ (38),​ മക്കളായ അനാമിക (11), ആൽവിൻ (10) എന്നിവർക്ക് പരിക്കേറ്റു. രജീഷിന് തലയ്ക്കും കൈക്കുമാണ് പരിക്കേറ്റത്. നിത്യയ്ക്ക് ചെവിക്കും തലക്കുമാണ് പരിക്കേറ്റത്. അനാമിക, ആൽവിൻ എന്നീ കുട്ടികളെ വീട്ടുമുറ്റത്തേക്ക് വലിച്ചിട്ടാണ് മർദ്ദിച്ചത്. വീടിനു നേരെയും ആക്രമണം നടന്നു. ജനലുകൾ, വാതിലുകൾ, ഫർണീച്ചറുകൾ എന്നിവ തകർത്തു. വീട്ടുപകരണങ്ങളും തകർക്കപ്പെട്ടു. ഇരട്ട ശ്രീജേഷ്, വിജേഷ്, ആദർശ്, അംബരീഷ്, റെനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് പരാതിയിൽ പറയുന്നു.