കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിൽ രേവതി നാളിൽ ആരാധനാ പൂജയും പൊന്നിൻ ശീവേലിയും പാലമൃത് അഭിഷേകവും നടത്തി. പന്തീരടി കാമ്പ്രം സ്ഥാനികന്റെ കാർമികത്വത്തിലാണ് രേവതി നാളിലെ ആരാധനാ പൂജ നടന്നത്.
മണിത്തറയിലെ സ്വർണം, വെള്ളി പാത്രങ്ങളും വിളക്കുകളും പിടിച്ച് വിശേഷ വാദ്യങ്ങളുടെ പശ്ചാത്തലത്തിലാണ് പൊന്നിൻ ശീവേലി നടത്തിയത്. രേവതി ആരാധനയുടെ ഭാഗമായി ആരാധനാ സദ്യയും ഉണ്ടായി. സന്ധ്യയ്ക്ക് നവകത്തോടൊപ്പമാണ് സ്വയംഭൂ വിഗ്രഹത്തിൽ പാലമൃത് എന്ന് വിളിക്കപ്പെടുന്ന പഞ്ചഗവ്യം അഭിഷേകം ചെയ്തത്.
ഒരു വൈശാഖ മഹോത്സവ കാലത്ത് നാല് ആരാധനാ പൂജകളുള്ളതിൽ മൂന്നാമത്തെ ആരാധനയാണ് രേവതി നാളിൽ ഇന്നലെ നടന്നത്. അവസാനത്തെ ആരാധനാ പൂജ 6ന് രോഹിണി നാളിലാണ്.