election

കാസർകോട്:ഇടക്കാലത്ത് ഒന്നോ രണ്ടോ തവണ ഒഴിച്ചുനിർത്തിയാൽ എന്നും എൽ.ഡി.എഫിന് ഒപ്പം നിന്ന കാസർകോട് പാർലിമെന്റ് മണ്ഡലത്തിലെ വിധി അനുകൂലമാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും മുന്നണികൾ മുൾമുനയിൽ. കഴിഞ്ഞ തവണത്തെ ജയം നിലനിർത്തുമെന്ന വിവിധ സർവേഫല പ്രവചനങ്ങൾ കരുത്ത് നൽകിയിട്ടുണ്ടെങ്കിലും അടിയൊഴുക്കുകളെ യു.ഡി.എഫ് ഭയക്കുന്നുണ്ട്. സർവേകളെ തള്ളി മണ്ഡലം തിരിച്ചുപിടിക്കുമെന്ന് തിരഞ്ഞെടുപ്പ് വിശകലനത്തിന്റെ ഫലത്തിൽ ഉറപ്പിക്കുന്നുണ്ടെങ്കിലും അടിയൊഴുക്കുകളെ എൽ.ഡി.എഫും ഭയക്കുന്നുണ്ട്.

രാജ് മോഹൻ ഉണ്ണിത്താനും എം.വി ബാലകൃഷ്ണനും അവസാന മണിക്കൂറിലും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. 2019 ൽ 40438 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആണ് എൽ.ഡി.എഫിലെ കെ.പി.സതീഷ് ചന്ദ്രനെ തോൽപ്പിച്ച് ഉണ്ണിത്താൻ കാസർകോട് കോട്ട പിടിച്ചത്. കാസർകോട് മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ അശ്വിനിയും ആത്മവിശ്വാസത്തിലാണ്. മറ്റ് മണ്ഡലങ്ങളിൽ വോട്ട് വർദ്ധിപ്പിക്കുകയും മഞ്ചേശ്വരത്ത് ഒന്നാം സ്ഥാനത്ത് എൻ.ഡി.എയെ എത്തിക്കുകയുമായിരുന്നു അശ്വിനിയുടെ ദൗത്യം.

പെരിയ കേന്ദ്ര സർവ്വകലാശാലയിൽ നടക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകൾ രാവിലെ ഒമ്പത് മണിയോടെ വന്നു തുടങ്ങും. കർശന സുരക്ഷയിൽ രാവിലെ എട്ടര മണി മുതലാണ് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.

'അത് സ്പോൺസേർഡ് പ്രോഗ്രാം"

എക്സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പി 'സ്പോൺസർ കലാപരിപാടിയാണെന്ന് പറഞ്ഞ് പൂർണമായും തള്ളിക്കളയുകയാണ് സി.പി.എം. നേതൃത്വം. കല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ നിയമസഭാ മണ്ഡലങ്ങൾ കൂടെ നിൽക്കുമെന്നും എം.വി ബാലകൃഷ്ണൻ 20,000 ത്തിനോട് അടുത്ത ഭൂരിപക്ഷത്തിന് വിജയിക്കുമെന്നുമാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടലുകൾ. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലെ യു.ഡി.എഫ് ഭൂരിപക്ഷം കല്യാശേരി, പയ്യന്നൂർ മണ്ഡലങ്ങളിലെ ഭൂരിപക്ഷം കൊണ്ട് മറികടക്കുമെന്നും എൽ.ഡി.എഫ് നേതൃത്വം വിലയിരുത്തുന്നു.

'ഭൂരിപക്ഷം വർദ്ധിക്കും"

അതേസമയം മഞ്ചേശ്വരം, കാസർകോട്, ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ മേധാവിത്വം കൊണ്ട് രാജ്മോഹൻ ഉണ്ണിത്താന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്. അതേസമയം ഉണ്ണിത്താന് എതിരായി പാർട്ടിക്കുള്ളിൽ നിന്ന് തന്നെ നെഗറ്റീവ് വോട്ടുണ്ടായത് യു.ഡി.എഫ് കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. വോട്ടെടുപ്പിന് ശേഷം കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറികൾ വോട്ട് മറിച്ചിട്ടുണ്ട് എന്നതിന് തെളിവാകുന്നു. എൽ.ഡി.എഫിലും നെഗറ്റീവ് വോട്ട് ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞാണ് ഇതിനെ യു.ഡി.എഫ് പ്രതിരോധിക്കുന്നത്.

2019 നിയമസഭ മണ്ഡലതല വോട്ട്

മണ്ഡലം - രാജ് മോഹൻ ഉണ്ണിത്താൻ (യു.ഡി.എഫ്)​-കെ.പി.സതീഷ് ചന്ദ്രൻ (എൽ.ഡി.എഫ്-രവീശ തന്ത്രി കുണ്ടാർ(എൻ.ഡി.എ)​
മഞ്ചേശ്വരം 68217 -32796 -57104
കാസർകോട് 69790 -28567 - 46630
ഉദുമ 72324- 63387- 23786
കാഞ്ഞങ്ങാട് 72570 -74791- 20046
തൃക്കരിപ്പൂർ 74504- 76403 -8652
പയ്യന്നൂർ 56730 - 82861 -9268
കല്യാശ്ശേരി 59848- 73542 -9854

 ഉണ്ണിത്താൻ 474961- 43.50% 4.70 %
കെ.പി.സതീഷ് ചന്ദ്രൻ 434523 - 39.80% -0.29
രവീശ തന്ത്രി കുണ്ടാർ176049-16.13% -1.61%

ഭൂരിപക്ഷം -40438