school-2

കരിവെള്ളൂർ(കണ്ണൂർ): ദേശീയപാത വികസനത്തോടെ 'ഉയരത്തിലെ"ത്തിയ കരിവെള്ളൂർ പാലക്കുന്ന് പാട്ടിയമ്മ യു.പി.സ്‌കൂളിൽ ഒന്നാംക്ളാസിൽ ഒറ്റക്കുട്ടി പോലുമെത്തിയില്ല. അഞ്ഞൂറോളം കുട്ടികൾ പഠിച്ചിരുന്ന 75 വർഷത്തെ പഴക്കമുള്ള സ്കൂളാണിത്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി സ്കൂളിലേക്കുള്ള നേരായ മാർഗ്ഗം അടഞ്ഞതാണ് പ്രശ്നമായത്.

മറ്റു ക്ലാസുകളിൽ പഠിക്കുന്ന വിരലിലെണ്ണാവുന്ന കുട്ടികൾക്കായി സ്‌കൂൾ അധികൃതർ പ്രവേശനോത്സവം ഒരുക്കിയെങ്കിലും നവാഗതരില്ലാത്തതിനാൽ നിറപ്പകിട്ടുണ്ടായില്ല. ആദ്യമായാണ് ഒന്നാം ക്ലാസിലേക്ക് വിദ്യാർത്ഥികൾ എത്താതിരുന്നത്. നാല് സ്ഥിരം അദ്ധ്യാപകരും മൂന്ന് ഗസ്റ്റ് അദ്ധ്യാപകരുമാണ് ഈ എയ്ഡഡ് സ്‌കൂളിലുള്ളത്. ഏഴാം ക്ലാസുവരെയുള്ള സ്‌കൂളിൽ നിന്ന് അടുത്തിടെ കുട്ടികൾ കൂട്ടത്തോടെ ടി.സി വാങ്ങിപ്പോയിരുന്നു. നാല്പതോളം കുട്ടികളാണ് അവശേഷിക്കുന്നത്. ദേശീയപാത നിർമ്മാണത്തിനായി സ്‌കൂൾ മുറ്റത്തിന് തൊട്ടടുത്തുവരെ ഇടിച്ചുതാഴ്ത്തി. പ്രദേശവാസികൾക്ക് കിലോമീറ്ററുകൾ അകലെയുള്ള അടിപ്പാതകൾ വഴി വേണം സ്‌കൂളിൽ എത്തിച്ചേരാൻ.
സ്‌കൂളിന്റെ ദുരവസ്ഥയുടെ ഉത്തരവാദിത്ത്വമാരോപിച്ച് അദ്ധ്യാപകരും മാനേജ്‌മെന്റും പരസ്പരം പഴിചാരുകയാണ്. സാമൂഹ്യ പ്രവർത്തകനായ കെ.ഗോവിന്ദൻ,അദ്ദേഹത്തിന്റെ അമ്മ പാട്ടിയമ്മയുടെ നാമധേയത്തിൽ 1953 ജൂൺ രണ്ടിനാണ് സ്‌കൂൾ ആരംഭിച്ചത്. 17 ഡിവിഷനുകൾ വരെ ഈ സ്കൂളിലുണ്ടായിരുന്നു.


'' ഞങ്ങളുടെ അദ്ധ്യാപക ജീവിതത്തിലെ കറുത്ത ദിനമാണ്. ഇതുപോലൊരു അവസ്ഥ നേരിടേണ്ടി വരുമെന്ന് കരുതിയിരുന്നില്ല.

-അദ്ധ്യാപകർ


''സ്‌കൂളിന്റെ വളർച്ചയ്ക്ക് എല്ലാവിധ സേവനങ്ങളും നൽകാൻ നാട്ടുകാർ തയ്യാറാണ്. അദ്ധ്യാപകരും മാനേജ്‌മെന്റും ഒത്തൊരുമയോടെ പിന്തുണ നൽകിയാലേ പുനരുജ്ജീവനം സാദ്ധ്യമാകൂ''-ഇ.പി. -മോഹനൻ, പി.ടി.എ പ്രസിഡന്റ്


വിദ്യാലയം മികച്ച രീതിയിൽ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

- മാനേജ്‌മെന്റ്