ഇരിട്ടി: ഉളിയിൽ വീട്ടു മതിൽ ഇടിഞ്ഞ് അങ്കണവാടി കെട്ടിടത്തിന് മുകളിലേക്ക് വീണു. ദുരന്തം ഒഴിവായത് തലനാരിഴക്ക്. ഉളിയിൽ അങ്കണവാടി കെട്ടിടത്തോട് ചേർന്ന വീട്ടുമതിലാണ് തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ ഉണ്ടായ കനത്ത മഴയിൽ തകർന്നു വീണത്. മതിൽ കെട്ടാനുപയോഗിച്ച ചെങ്കൽ മുഴുവൻ അങ്കണവാടി കെട്ടിടത്തിന്റെ വരാന്തയിലേക്കാണ് പതിച്ചത്.
ഈ സമയം കുട്ടികളിൽ ചിലർ പ്രാഥമികാവശ്യം നിർവ്വഹിക്കാനായി തകർന്ന ഭാഗത്തെ ശൗചാലയത്തിലേക്ക് പോയിരുന്നു. മതിൽ തകരുന്ന ശബ്ദം കേട്ടയുടൻ വർക്കറും ഹെൽപ്പറും ഒച്ച വച്ചതോടെ കുട്ടികൾ ഓടിമാറിയതിനാൽ ദുരന്തം ഒഴിവായി. കുട്ടികൾ കൈ കഴുകാൻ ഉപയോഗിക്കുന്ന വാഷ്‌ബേസിനും പൈപ്പുകളും പൂർണ്ണമായും തകർന്നു. കെട്ടിടത്തിന്റെ കോൺക്രീറ്റ് തൂണിനും ബലക്ഷയമുണ്ടായിട്ടുണ്ട്. കെട്ടിട വരാന്ത മുഴുവൻ ചെളിയും മണ്ണും നിറഞ്ഞ നിലയിലാണ്. നഗരസഭാ ചെയർപേഴ്സൺ കെ.ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, കൗൺസിലർമാരായ കോമ്പിൽ അബ്ദുൾ ഖാദർ, ടി.കെ.ഷരീഫ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.