ഇരിട്ടി: പഴശ്ശി പദ്ധതി ജലാശയത്തിന്റെ ഭാഗമായ ഇരിട്ടി എടക്കാനം പുഴയിൽ കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. തിങ്കളാഴ്ച രാവിലെ 7 മണിമുതൽ ജില്ലയിലെ വിവിധ അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നും എത്തിയ സ്‌കൂബാ ഡൈവിംഗ് സംഘങ്ങൾ വൈകുന്നേരം 6 മണിവരെ തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. ഇന്ന് പുലർച്ചയോടെ തൃശൂരിൽ നിന്നുമുള്ള എൻ.ഡി.ആർ.എഫ് സംഘം സ്ഥലത്തെത്തി പരിശോധന തുടരും.
എടക്കാനം വ്യൂ പോയന്റിൽ ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു ബംഗളൂരുവിൽ സോഫ്റ്റ്‌വേർ എൻജിനീയറും പാനൂർ പാത്തിപ്പാലം മുത്താറിപ്പടിക സ്വദേശിയുമായ കെ.ടി. വിപിൻ (30) നെ കാണാതായത്. സ്ഥലത്തെ ഒരു ബന്ധുവിന്റെ വീട്ടിൽ വന്ന ശേഷം സുഹൃത്തുക്കളോടൊപ്പം എടക്കാനം വ്യൂപോയന്റിൽ എത്തുകയായിരുന്നു. വിപിൻ പുഴയിൽ ഇറങ്ങി നീന്തുന്നതിടെ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു എന്ന് ഈ സമയത്ത് ഇവിടെ ഉണ്ടായിരുന്നവർ പറയുന്നു.