ഇരിട്ടി: കൂറ്റൻ കണ്ടെയ്നർ ലോറിയിടിച്ച് ഇരിട്ടി പഴയപാലത്തിന്റെ മുകളിലെ ഉരുക്ക് ക്രോസ്ബാർ തകർന്നു. ലോഡിറക്കിയശേഷം ഇരിട്ടി വഴി തിരിച്ചുപോവുകയായിരുന്ന ഹരിയാന രജിസ്‌ട്രേഷൻ കണ്ടെയ്നർ ലോറിയാണ് അപകടമുണ്ടാക്കിയത്. അമിതവേഗതയിൽ എത്തിയ ലോറി പുതിയ പാലത്തിലൂടെ കടന്നുപോകുന്നതിന് പകരം പഴയപാലത്തിൽ കയറി പാലത്തിന്റെ മുകൾത്തട്ടിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ ഇരു ഭാഗത്തെയും ബന്ധിപ്പിക്കുന്ന ക്രോസ്ബാർ തകർന്ന് പാലത്തിന്റെ നടുവിലേക്ക് തൂങ്ങി നിൽക്കുന്ന നിലയിലായി. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു.
1933 ൽ ബ്രിട്ടീഷുകാരാണ് ഈ പാലം നിർമ്മിച്ചത്. പുഴയിൽ കരിങ്കൽകൊണ്ട് നിർമ്മിച്ച തൂണുകളിൽ കൂറ്റൻ ഉരുക്ക് ബീമുകൾ ഉപയോഗിച്ചാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ മുകൾത്തട്ടിലെ ഉരുക്ക് ക്രോസ് ബാറുകളാണ് പാലത്തിന്റെ തൂണുകളിലെ ഭാരം മുഴുവൻ ലഘൂകരിക്കുന്നത്. ഇത് തകരുന്നത് മൂലം പാലത്തിനും ബലക്ഷയം സംഭവിക്കുകയാണ്.
പുതിയ പാലം നിർമ്മിക്കുന്നതിന് മുൻപ് നിരവധി തവണ വാഹനങ്ങൾ ഇടിച്ചു ഇതിന്റെ മുകൾത്തട്ടിലെ ക്രോസ് ബാറുകൾ തകർന്നിരുന്നു. പുതിയ പാലം നിർമ്മാണം തുടങ്ങിയതോടെ അവഗണിക്കുകയും തകർച്ചയിലേക്ക് നീങ്ങുകയും ചെയ്ത ഈ ചരിത്ര നിർമിതി ഏറെ മുറവിളിക്കു ശേഷമാണ് ഇതിലെ പൊട്ടിയ ഭാഗങ്ങൾ പുനഃസ്ഥാപിച്ച് ഗതാഗത യോഗ്യമാക്കിയത്.