കണ്ണൂർ: ജില്ലയിൽ പ്ളസ് വണിന് 20,569 വിദ്യാർത്ഥികൾ ആദ്യ അലോട്ട്‌മെന്റിൽ സീറ്റുറപ്പിച്ചു. 28493 മെരിറ്റ് സീറ്റുകളാണുള്ളത്. കണക്ക് പ്രകാരം 7924 സീറ്റുകളാണ് മെരിറ്റിൽ ബാക്കിയുള്ളത്. ഇത്തവണ 38,020 അപേക്ഷകളാണ് ഏകജാലകം വഴി പ്ലസ് വണ്ണിന് ജില്ലയിൽ ലഭിച്ചത്. ആദ്യ അലോട്ട്‌മെന്റ് പ്രഖ്യാപിച്ചപ്പോൾ 17451 വിദ്യാർത്ഥികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. മെരിറ്റിൽ ബാക്കിയുള്ള സീറ്റുകളിൽ കൂടി പ്രവേശനം പൂർത്തിയായാലും 9527 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കില്ല. ഇവർ ബാക്കിയുള്ള അലോട്ട്‌മെന്റുകൾ പൂർത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടി വരും.

വിജയശതമാനം കൂടുതലായതിനാൽ വിദ്യാർത്ഥികൾക്ക് ആദ്യ ഓപ്കഷൻ നൽകിയ സ്‌കൂളിൽ പ്രവേശനം ലഭിച്ചിട്ടില്ലെന്ന് നിരവധി പരാതികളുണ്ട്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ വരെ അഞ്ചാമതും ആറാമതും ഓപ്ക്ഷൻ നൽകിയ സ്‌കൂളിലാണ് പ്രവേശനം ലഭിച്ചത്. സ്‌പോർട്സ് ക്വാട്ടയിൽ അപേക്ഷിച്ച 603 വിദ്യാർത്ഥികളിൽ 486 പേർ ആദ്യ അലോട്ട്‌മെന്റിൽ ഉൾപ്പെട്ടു. ജില്ലയിൽ 684 സ്‌പോർട്സ് സീറ്റുകളാണുള്ളത്. ഇതിൽ 198 സീറ്റുകൾ ഇനിയും ബാക്കിയുണ്ട്. ഇതിന് പുറമേ വി.എച്ച്.എസ്.ഇയിൽ 1500, പോളിടെക്നിക് വിഭാഗത്തിൽ കണ്ണൂർ പോളിയിൽ 340, മട്ടന്നൂർ പോളിയിൽ 240, പയ്യന്നൂർ പോളിയിൽ 230ഉം സീറ്റുകളുമുണ്ട്. കൂടുതൽ വിദ്യാർത്ഥികൾ ഈ വിഭാഗത്തിൽ അപേക്ഷിക്കുമെന്നാണ് പ്രതീക്ഷ.

പ്ലസ് വൺ ഏകജാലക സംവിധാനത്തിലൂടെ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച 35,357 വിദ്യാർത്ഥികളും സി.ബി.എസ്.ഇ പരീക്ഷയിൽ വിജയിച്ച 1957 വിദ്യാർത്ഥികളും ഐ.സി.എസ്.ഇ പരീക്ഷയിൽ വിജയിച്ച 86 വിദ്യാർത്ഥികളും മറ്റുള്ള സ്‌കീമുകളിൽ നിന്നായി 617 വിദ്യാർത്ഥികളും മറ്റുള്ള ജില്ലകളിൽ നിന്നായി 2304 വിദ്യാർത്ഥികളുമാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്. ജില്ലയിൽ ഇത്തവണ പരീക്ഷ എഴുതിയ 36,070 വിദ്യാർത്ഥികളിൽ 36,024 പേരും വിജയിച്ചിട്ടുണ്ട്. 6794 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 99.87 ആണ് വിജയശതമാനം.

പ്രവേശനം ഇങ്ങനെ

നാളെ വൈകീട്ട് അഞ്ചുവരെ സ്‌കൂളിൽ ചേരാം. കാൻഡിഡേറ്റ് ലോഗിനിലെ ഫസ്റ്റ് അലോട്‌മെന്റ് റിസൾറ്റ് എന്ന ലിങ്കിലൂടെയാണ് പ്രവേശന സാദ്ധ്യത പരിശോധിക്കേണ്ടത്. അലോട്‌മെന്റ് ലഭിച്ചവർ ഈ ലിങ്കിലൂടെ രണ്ട് പേജുള്ള അലോട്‌മെന്റ് കത്തുപരിശോധിച്ച് തങ്ങൾക്ക് അനുവദിക്കപ്പെട്ട സ്‌കൂൾ മനസ്സിലാക്കണം. അവിടെ നിശ്ചിതസമയത്തു ഹാജരാകണം. അലോട്‌മെന്റ് കത്തിന്റെ പ്രിന്റെടുക്കേണ്ടതില്ല. ചേരുമ്പോൾ സ്‌കൂളിൽനിന്ന് പ്രിന്റെടുത്തു നൽകും. ആദ്യ ഓപ്ഷനിൽത്തന്നെ അലോട്‌മെന്റ് ലഭിച്ചവർ ഫീസടച്ച് നിർബന്ധമായും സ്ഥിരംപ്രവേശനം നേടണം. മറ്റുള്ളവർക്ക് താത്കാലിക പ്രവേശനത്തിന് അവസരമുണ്ട്. അവർ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ഫീസടക്കേണ്ടതില്ല. മൂന്ന് അലോട്‌മെന്റുകളാണ് മുഖ്യഘട്ടത്തിലുള്ളത്. രണ്ടാം അലോട്‌മെന്റിനുകൂടി ഇതേരീതിയിൽ താത്കാലിക പ്രവേശനം സാദ്ധ്യമാണ്. എന്നാൽ, മൂന്നാമത്തെ അലോട്‌മെന്റിൽ സ്ഥിരമായി സ്‌കൂളിൽ ചേരണം.

ഏകജാലകം വഴി ലഭിച്ച അപേക്ഷകൾ 38020

പ്ളസ് വൺ മെരിറ്റ് സീറ്റുകൾ 28493

പ്രവേശനം ലഭിക്കാതെ പുറത്താകുന്നത് 9527