
കണ്ണൂർ:കണ്ണൂരിലെ പാർട്ടി കോട്ടകളിൽ സി.പി.എമ്മിനെ ഞെട്ടിച്ച് യു.ഡി.എഫ് നടത്തിയ തേരോട്ടത്തിനൊപ്പം ബി.ജെ.പിയുടെ മുന്നേറ്റവും. പാർട്ടി തിരഞ്ഞെടുപ്പ് വിലയിരുത്തൽ കൺവെൻഷനുകളിൽ ഈ വിഷയം സജീവമായി ഉയർന്നേക്കും.
മുഖ്യമന്ത്രിയുടെ നാടായ പിണറായിയിൽ അടക്കം ബി.ജെ.പി വോട്ടു വർദ്ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ബൂത്തിൽ ഇരട്ടി വോട്ടുകളാണ് ബി.ജെ.പി നേടിയത്. ധർമ്മടത്ത് ബി.ജെ.പി നടത്തിയ കുതിപ്പാണ് സി.പി. എമ്മിന് ഏറ്റവും തലവേദനയുണ്ടാക്കുന്നത്.ധർമ്മടത്ത് 2016ൽ 8538 വോട്ടുകളാണ് ബി.ജെ.പിക്കുണ്ടായിരുന്നത്. എന്നാൽ ഇത്തവണ അതു 16,711 വോട്ടുകളാക്കി ഉയർത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ ബി.ജെ.പിക്ക് 8659 വോട്ട് ലഭിച്ചിടത്ത് ഇത്തവണ 16,706 ഉയർന്നു. മട്ടന്നൂരിൽ കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ച 11612 വോട്ട് ഇക്കുറി 19,159വോട്ടായി വർദ്ധിച്ചു. അഴീക്കോട് മണ്ഡലത്തിലും ബി.ജെ.പി വോട്ട് വർദ്ധിച്ചു. കഴിഞ്ഞ തവണ ലഭിച്ചത് 11728വോട്ടായിരുന്നു. ഇത്തവണ ഇത് 19,832 വോട്ടിലെത്തി. യു.ഡി. എഫ് കോട്ടയായ ഇരിക്കൂറിലും മോശമല്ലാത്ത പ്രകടനം കാഴ്ച്ചവയ്ക്കാൻ ബി.ജെപി.ക്ക് കഴിഞ്ഞു. കഴിഞ്ഞ തവണ 72891 വോട്ടുനേടിയിടത്ത് ഇത്തവണ 13,562 വോട്ട് നേടാൻ അവർക്ക് സാധിച്ചു.