mvb

കാസർകോട്: കാസർകോട് ലോകസഭ മണ്ഡലത്തിൽ എൽ.ഡി.എഫ് കോട്ടകളിൽ ഉണ്ടായ വലിയ ചോർച്ചയാണ് യു ഡി എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താന് അട്ടിമറി വിജയം സമ്മാനിച്ചതെന്ന് കണക്കുകൾ.ബൂത്തുതലങ്ങളിൽ എടുത്ത കണക്കുകൾ സമഗ്രമായി പരിശോധിക്കാൻ ഒരുങ്ങുകയാണ് നേതൃത്വം. ബൂത്തുകമ്മിറ്റികൾ തിരഞ്ഞെടുപ്പിന് മുമ്പും അതിന് ശേഷവും നൽകിയ കണക്കുകൾ ശരിയായിരുന്നില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.

സി പി എമ്മിന്റെ ശക്തിദുർഗങ്ങളായി അറിയപ്പെട്ടിരുന്ന പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങളിൽ നിന്നുണ്ടായ തിരിച്ചടിയാണ് എൽ.ഡി.എഫിനെ സമ്പൂർണ്ണ പരാജയത്തിലേക്ക് നയിച്ചത്. ഈ രണ്ടു മണ്ഡലങ്ങളിലെ ഭൂരിപക്ഷം കൊണ്ട് മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലെ ലീഗ് കോട്ടകളെ മറികടന്നാൽ ജയം സുനിശ്ചിതമെന്നാണ് സി പി എം കണക്കുകൂട്ടിയിരുന്നത്. എന്നാൽ ആ കണക്കുകൾ മുഴുവൻ ഫലപ്രഖ്യാപനം അപ്രസക്തമാക്കി. കാസർകോട്ടെ അഞ്ച് മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടിയ ഉണ്ണിത്താൻ കണ്ണൂർ ജില്ലയിലെ ഇടതുകോട്ടകളായ രണ്ടു മണ്ഡലങ്ങളിലും വൻതോതിൽ വോട്ട് നേടി.

1,00,649 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉണ്ണിത്താന്റെ വിജയം. ഉണ്ണിത്താന് 490659 വോട്ടും എം വി ബാലകൃഷ്ണന് 390010 വോട്ടുകളുമാണ് ലഭിച്ചത്.

തിരുത്തി മുന്നോട്ടുപോകുമെന്ന് എൽ.ഡി.എഫ്

മണ്ഡലത്തിലുണ്ടായ തിരഞ്ഞെടുപ്പ് പരാജയം സി പി എമ്മും ഇടതുമുന്നണിയും പരിശോധിച്ച് തിരുത്തലുകൾ വരുത്താൻ ഉണ്ടെങ്കിൽ തിരുത്തി മുന്നോട്ടുപോകുമെന്നാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം എൽ.ഡി.എഫ് കൺവീനർ കെ.പി.സതീഷ്ചന്ദ്രനും സ്ഥാനാർത്ഥിയും സി.പി.എം ജില്ലാ സെക്രട്ടറിയുമായ എം.വി.ബാലകൃഷ്ണനും പറഞ്ഞത്. തിരഞ്ഞെടുപ്പിൽ തോൽക്കുന്ന അനുഭവം മുൻകാലങ്ങളിലും ഉണ്ടായിട്ടുണ്ട്. അതിനേക്കാളേറെ കരുത്തോടെ പാർട്ടിയും മുന്നണിയും തിരിച്ചു വന്നിട്ടുണ്ടെന്നും ഇരുവരും വ്യക്തമാക്കി.

42337 വോട്ടിന്റെ കുറവ്

2019 ലെ തിരഞ്ഞെടുപ്പിനേക്കാൾ 42337 വോട്ടിന്റെ കുറവ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണന് ഉണ്ടായതാണ് ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചത്. കഴിഞ്ഞ തവണ എൽ.ഡി.എഫിലെ കെ.പി.സതീഷ് ചന്ദ്രന് 432347 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ അത് 390010 ആയി. ഉണ്ണിത്താന് 490659 വോട്ടുകളും ലഭിച്ചു. 2019 ൽ ഇത് 4,74,961 വോട്ട് ആയിരുന്നു. പോളിംഗ് ശതമാനത്തിലെ കുറവിന് പുറമെ കന്നി വോട്ടർമാരുടെ പങ്കാളിത്തവും ഇടതിന് അനുകൂലമായില്ലെന്നാണ് പൊതുവിലയിരുത്തൽ.

പ്രതീക്ഷക്ക് വിരുദ്ധമായ തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്. എന്താണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്ന് പാർട്ടി വിശദമായി പരിശോധിക്കും. 2019 ൽ ഇതുപോലെ വലിയ തോൽവി സംഭവിച്ചിട്ടുണ്ട്. അത് പരിശോധിച്ച് തിരുത്തലുകൾ വരുത്തിയതിനാൽ പിന്നീട് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മുന്നണി ചരിത്ര വിജയമാണ് നേടിയത്. അനാദികാലം നിലനിൽക്കുന്ന തോൽവിയൊന്നും അല്ല ഇപ്പോൾ സംഭവിച്ചത്. പാർട്ടിയും മുന്നണിയും ശക്തമായി തിരിച്ചു വരും-എം.വി.ബാലകൃഷ്ണൻ

എൽ.ഡി.എഫിനുണ്ടായ തിരിച്ചടി വിശദമായി വിലയിരുത്തും. ആവശ്യമായ തിരുത്തലുകൾ വരുത്തി ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കും. ഇത്തരം തിരിച്ചടികളെ അതിജീവിച്ചു കൊണ്ട് വൻവിജയങ്ങൾ നേടിയ അനുഭവം എൽ.ഡി.എഫിനുണ്ട്.

കെ.പി സതീഷ് ചന്ദ്രൻ ( എൽ ഡി എഫ് കൺവീനർ )