bjp

കാസർകോട്:സംസ്ഥാനത്ത് അഭിമാനകരമായ മുന്നേറ്റം നടത്തി ശ്രദ്ധയാകർഷിച്ച ബി.ജെ.പിക്ക് പക്ഷെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ കാസർകോട്,​ മഞ്ചേശ്വരം നിയമസഭ മണ്ഡലങ്ങളിൽ തളർച്ച. സി.പി.എം കൈവശം വെക്കുന്ന കാസർകോട് പാർലിമെന്റ് മണ്ഡലത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഇരട്ടിയോളം വോട്ട് നേടിയ ബി.ജെ.പി സംസ്ഥാനത്ത് തന്നെ എക്കാലത്തും വിജയപ്രതീക്ഷ പുലർത്തിയ മഞ്ചേശ്വരത്തും കാസർകോട്ടുമായി വെറും 477 വോട്ടിന്റെ വർദ്ധനവ് മാത്രമാണുണ്ടാക്കിയത്.

2019ലെ ലോകസഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാറിന് 57104 വോട്ട് ലഭിച്ചിരുന്നു. മഞ്ചേശ്വരക്കാരിയായ എം.എൽ.അശ്വിനി ഇക്കുറി നേടിയത് 57179 മാത്രം.കേവലം 75 വോട്ടിന്റെ മാത്രം വർദ്ധനവ്. നിയമസഭ തിരഞ്ഞെടുപ്പുകളിൽ എന്നും രണ്ടാംസ്ഥാനം ലഭിക്കുന്ന കാസർകോട് നിയോജകമണ്ഡലത്തിലാകട്ടെ 2019ൽ 46630 വോട്ട് നേടിയ ബി.ജെ.പിക്ക് ഇക്കുറി അശ്വിനിയിലൂടെ നേടാനായത് 47032 വോട്ട് . വർദ്ധിച്ചത് 401 വോട്ട് മാത്രം.

ബി.ജെ.പി വോട്ടുവർദ്ധന (കാസർകോട് പാർലിമെന്റ് മണ്ഡലം)

നിയോജകമണ്ഡലം 2019 2024 വർദ്ധനവ്

മഞ്ചേശ്വരം 57179 (57104) 75
കാസർകോട് 47082 (46630) 402
ഉദുമ 31245 (23786)7459
കാഞ്ഞങ്ങാട് 29301 (20046)9255
തൃക്കരിപ്പൂർ 17080 (8652) 8428
പയ്യന്നൂർ 18466 (9268)9198
കല്യാശേരി 7834 17688(9854)

പാളിയത് മഞ്ചേശ്വരം പിടിക്കാനുള്ള നീക്കം

ലോകസഭാ തിരഞ്ഞെടുപ്പോടെ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ഒന്നാം സ്ഥാനത്തെത്തണമെന്നും ആ ട്രെൻഡ് പിടിച്ചുനിർത്തി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ജയിക്കാനുമായിരുന്നു ബി.ജെ.പി നേതൃത്വത്തിന്റെ നീക്കം. സ്വന്തം നാടായിട്ടും മഞ്ചേശ്വരത്ത് എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ അശ്വിനിക്ക് ഉദ്ദേശിച്ച വോട്ട് നേടാനായില്ല. കാസർകോട് മണ്ഡലത്തിലാകട്ടെ പാർട്ടിക്കുള്ളിലെ വിമതരെ സംശയമുനയിലാക്കിയിരിക്കുകയാണ് നേതൃത്വം.കാസർകോട് മണ്ഡലത്തിൽ എഴുന്നൂറ് വോട്ടുകൾ നോട്ടയ്ക്ക് ലഭിച്ചിരുന്നു. ഇത് വിമതരുടേതാണെന്ന സംശയത്തിലാണ് നേതൃത്വം.

മണ്ഡലത്തിൽ വോട്ടുകൂടി
മണ്ഡലത്തിലാകെ 43000 വോട്ടിന്റെ വർദ്ധനവാണ് എൻ.ഡി.എക്ക് ലഭിച്ചത്. എന്നാൽ മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ മഞ്ചേശ്വരം, വോർക്കാടി, എൻമകജെ, പുത്തിഗെ, കുമ്പള പഞ്ചായത്തുകളിലെല്ലാം എൻ.ഡി.എ വോട്ടുകൾ ചോർന്നു.സാമുദായിക വോട്ടുകൾ അശ്വിനിക്ക് ലഭിച്ചിട്ടുണ്ടെന്ന വിലയിരുത്തൽ കൂടിയാകുമ്പോൾ ബി.ജെ.പിയിൽ നിന്നുള്ള വോട്ടുകളിൽ ഒരു ഭാഗം മറിഞ്ഞിട്ടുണ്ടെന്ന സംശയത്തിനും ഇടനൽകുന്നു.ഉദുമ മുതൽ കല്യാശ്ശേരി വരെ 2019 ൽ നേടിയതിന്റെ ഇരട്ടിയിലധികം വോട്ടുകൾ എൻ.ഡി.എ സ്‌ഥാനാർത്ഥിക്ക് ലഭിച്ച സാഹചര്യത്തിലാണ് കാസർകോട്ടും മഞ്ചേശ്വരത്തും പാർട്ടിക്കുള്ളിൽ അട്ടിമറി നീക്കം നടന്നതായുള്ള സംശയത്തിന് ഇടനൽകുന്നത്.

അനൗദ്യോഗിക വിശദീകരണം ഇങ്ങനെ

മഞ്ചേശ്വരത്തും കാസർകോട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടുന്ന വോട്ട് ലോകസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് കിട്ടാറില്ല

ലോകസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി ജയിക്കില്ലെന്ന വിശ്വാസത്തിൽ പുറത്ത് ജോലി ചെയ്യുന്നവർ വോട്ട് ചെയ്യാൻ നാട്ടിൽ എത്താറില്ല.

3000 വോട്ടിന്റെ കുറവ് ഈ വിധത്തിൽ സംഭവിച്ചിട്ടുണ്ടാകാം.