
കണ്ണൂർ: സുഭിക്ഷ കേരളത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം മത്സ്യകൃഷി ചെയ്ത കർഷകർ പ്രതിസന്ധിയിൽ. കഴിഞ്ഞ രണ്ടുവർഷമായി ഫിഷറീസ് വകുപ്പ് വാഗ്ദാനം ചെയ്ത യാതൊരു ആനുകൂല്യങ്ങളും സബ്സിഡികളും ഇവർക്ക് ലഭിച്ചിട്ടില്ല. ശാസ്ത്രീയ മത്സ്യകൃഷിയെന്ന രീതിയിൽ പരിചയപ്പെടുത്തിയ പദ്ധതിയാണ് കർഷകരെ വെള്ളത്തിലാക്കിയത്.
വീട്ടിലും പരിസരത്തും കുളമുണ്ടാക്കി ഷീറ്റ് വിരിച്ച് വെള്ളം നിറച്ചായിരുന്നു കൃഷി. വരാൽ, തിലോപ്പിയ, ആസാം വാള തുടങ്ങിയവയായിരുന്നു ഇങ്ങനെ വളർത്തിയിരുന്നത്. സബ്സിഡി, സൗജന്യ തീറ്റ എന്നിവ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഫിഷറിസ് വകുപ്പ് വാഗ്ദാനം ചെയ്തിരുന്നു.തിരിച്ചുകിട്ടുമെന്ന വിശ്വാസത്തിൽ ഭൂരിഭാഗം കർഷകരും വായ്പയെടുത്തും സ്വർണം പണയപ്പെടുത്തിയുമാണ് പണം കണ്ടെത്തിയത്. എന്നാൽ ഇതുവരെ യാതാരു സബ്സിഡിയും കർഷകരുടെ അക്കൗണ്ടിലെത്തിയിട്ടില്ല. ഇതോടെ ബാങ്ക് വായ്പ തിരിച്ചടക്കാനാകാതെ കർഷകർ വലിയ പ്രതിസന്ധിയിലായി.
കുടുംബശ്രീ പ്രവർത്തകർ, വനിതാ സംഘങ്ങൾ തുടങ്ങിയവരാണ് ഈ പദ്ധതിയിൽ കൂടുതലുമുള്ളത്. ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതിനാൽ പലരും പദ്ധതി ഉപേക്ഷിച്ചതായി ഫീൽഡ് പ്രമോട്ടർമാർ പറഞ്ഞു.
ഓരോ വർഷവും ഓരോ കാരണങ്ങൾ
ട്രഷറിയിൽ നിന്നും ബില്ല് മാറികിട്ടാത്തതാണ് പണം നൽകാൻ വൈകിയതെന്നാണ് അധികൃതരുടെ മറുപടി. 2022-23 വർഷത്തെ പദ്ധതി കഴിഞ്ഞ സെപ്തംബറിലായിരുന്നു ആരംഭിച്ചത്. സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തിനടുത്ത് കർഷകർ ഇങ്ങനെ മത്സ്യകൃഷി ചെയ്തിട്ടുണ്ട്. ഇവരെ പ്രോത്സാഹിപ്പിക്കാനും സഹായം ചെയ്യാനും ഓരോ ജില്ലയിലും താൽക്കാലികാടിസ്ഥാനത്തിൽ 38 ഓളം പ്രമോട്ടർമാരെയും നിയമിച്ചിരുന്നു. കർഷകർക്ക് ചെലവായ തുക, തീറ്റ വാങ്ങിയതിന്റെ ബിൽ എന്നിവ കർഷകർ പ്രമോട്ടർമാരെ ഏൽപ്പിച്ചു. ഇവരാണ് കോ ഓർഡനേറ്റർ മുഖാന്തിരം വകുപ്പ് അധികൃതരിൽ ബിൽ എത്തിച്ചത്. കഴിഞ്ഞ മാർച്ച് 27നാണ് ഈ ഫണ്ട് പാസായത്. എന്നാൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ബില്ലുകൾ മാറി ലഭിക്കാതെ അനുവദിച്ച തുക നഷ്ടപ്പെടുകയായിരുന്നു. ഓരോ വർഷവും ഓരോ കാരണങ്ങളാണ് അധികൃതർ പറയുന്നത്. 2021-22 വർഷത്തെയും തുക സംസ്ഥാനത്തെ മുക്കാൽ ഭാഗം കർഷകർക്കും ലഭിച്ചിട്ടില്ല.
പ്രൊമോട്ടർമാർക്ക് വേതനവുമില്ല
പദ്ധതിക്കായി താൽക്കാലികമായി നിയമിച്ച പ്രൊമോട്ടർമാരുടെ വേതനവും മാസങ്ങളായി കുടിശികയായിരുന്നു. നാലുമാസത്തെ ശമ്പളം ഫെബ്രുവരിയിൽ ഘട്ടംഘട്ടമായാണ് നൽകിയത്. നിലവിൽ മാർച്ച് ഏപ്രിൽ മാസത്തെ ശമ്പളം ലഭിക്കാനുണ്ട്. പ്രൊമാട്ടർമാരിൽ വലിയ ശതമാനവും ജോലി മതിയാക്കി. വലിയ ആവേശത്തിൽ ഫിഷറീസ് വകുപ്പ് ആരംഭിച്ച പല പദ്ധതികളും ഇന്ന് പാതിവഴിയിൽ നിലച്ച മട്ടാണ്. കൊവിഡിന് ശേഷം ധാരാളം പേരാണ് മത്സ്യകൃഷിയിലേക്ക് കടന്നുവന്നത്. ഗുണകരമല്ലെന്ന് കണ്ട് ഇവരിൽ പലരും ഇപ്പോൾ കൃഷി ഉപേക്ഷിച്ചു.