photo-1

കണ്ണൂർ: മാലിന്യം അശ്രദ്ധമായി കൈകാര്യം ചെയ്തതിന് താണയിലെ ഡി.ഡി.ആർ.സി മെഡിക്കൽ ലാബിന് ജില്ലാ എൻഫോഴ്‌മെൻഡ് സ്‌ക്വാഡ് 10000 രൂപ പിഴ ചുമത്തി. മെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനുമാണ് പിഴ ചുമത്തിയത്. സ്ഥാപനത്തിൽ നിന്ന് മെഡിക്കൽ മാലിന്യം കൈമാറാൻ ഏജൻസിയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും മുകളിലത്തെ നിലയിൽ മെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെ കൂട്ടിയിട്ട നിലയിലായിരുന്നു. കൂടാതെ സ്ഥാപനത്തിലെ ഇൻസിനറേറ്റിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ കത്തിച്ചതായും സ്‌ക്വാഡ് കണ്ടെത്തി. പരിശോധനയിൽ സ്‌ക്വാഡ് ലീഡർ ഇ.പി. സുധിഷ്, എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ.ആർ.അജയകുമാർ,ഷെരീകുൽ അൻസാർ, കോർപറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ടി.സൂര്യ എന്നിവർ പങ്കെടുത്തു.