kottakadav
കോട്ടക്കടവിലെ പാലം

കാഞ്ഞങ്ങാട്: നിർദ്ദിഷ്ട നീലേശ്വരം ബേക്കൽ ജലപാതയുടെ ഭാഗമായുള്ള കോട്ടക്കടവിലെ പാലം നിർമ്മാണം അവസാനഘട്ടത്തിൽ. നേരത്തെ നഗരസഭ ഇവിടെ സ്ഥാപിച്ചിരുന്ന തൂക്കുപാലം പൊളിച്ചു മാറ്റിയാണ് ബോട്ടുകൾക്ക് കടന്നുപോകാനുള്ള ഉയരത്തോടു കൂടി പാലം പണിയുന്നത്. പദ്ധതിക്കായി സർക്കാർ സ്ഥലമെടുപ്പിന് മാത്രം 178.15 കോടി അനുവദിച്ചിട്ടുണ്ട്. കിഫ്ബി ഫണ്ടാണ് ഉപയോഗിക്കുന്നത്.

നീലേശ്വരം പുഴയെയും ചിത്താരി പുഴയെയും ബന്ധിപ്പിച്ചുള്ള കനാലും ജലപാതയുടെ ഭാഗമായി നിർമ്മിക്കുന്നുണ്ട്. ഇതിനായി നമ്പ്യാർക്കാലിൽ ഡൈവേർഷൻ കനാലിനായി 3.23 ഏക്കർ ഭൂമിയും നീലേശ്വരം ചിത്താരിപ്പുഴയുമായി ബന്ധിപ്പിക്കുന്ന കനാലിനായി 105.88 ഏക്കർ ഭൂമിയും ഏറ്റെടുക്കേണ്ടതുണ്ട്.

നമ്പ്യാർക്കൽ ഡൈവേർഷൻ കനാൽ നിർമ്മിക്കുന്നതിനായി കാഞ്ഞങ്ങാട് വില്ലേജിൽ 3.23 ഏക്കറും നീലേശ്വരം ചിത്താരി പുഴകളെ ബന്ധിപ്പിക്കുന്ന കൃത്രിമ കനാലിനായി ഹോസ്ദുർഗ്, ബല്ല, അജാനൂർ വില്ലേജുകളിലായാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിനുശേഷം മാത്രമേ നഷ്ടപരിഹാരത്തുക കണക്കാക്കാൻ സാധിക്കുകയുള്ളൂ.

ടൂറിസം മേഖലയ്ക്കും ഉണർവാകും

തെക്ക് കോവളം വടക്ക് ബേക്കൽപാത പദ്ധതിയുടെ ഭാഗമായാണ് നീലേശ്വരം - ബേക്കൽ ജലപാത നിർമ്മിക്കുന്നത്. റോഡുവഴിയുള്ള ചരക്ക് ഗതാഗതം കുറച്ച് ജലപാത വഴിയാക്കിയാൽ പരിസ്ഥിതി മലിനീകരണവും ഒഴിവാക്കാനാകുമെന്നാണ് കണക്കു കൂട്ടുന്നത്. ഇന്ധനവും ലാഭിക്കാനാകും. ടൂറിസം മേഖലയിലും വൻ ഉണർവ്വാണ് ഉണ്ടാകാൻ പോകുന്നതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. കാരാട്ട് വയൽ, നെല്ലിക്കാട്, ചിത്താരി കനാലുകളാണ് ഇതിനായി വികസിപ്പിക്കുന്നത്.

നിർമ്മാണം പുരോഗമിക്കുന്ന കോട്ടക്കടവിലെ പാലം