നീലേശ്വരം: 70 വർഷം മുമ്പ് പണിത റോഡ് യാതൊരു നവീകരണവും വരുത്താതെ നീലേശ്വരം- പാലായി റോഡിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. ഇന്നലെ രാവിലെയാണ് കയ്യൂർ ഐ.ടി.ഐയിലേക്ക് ബൈക്കിൽ പോവുകയായിരുന്ന ഉദുമ ബാര സ്വദേശി വിഷ്ണു (18) പാലായി ഇറക്കത്തിലുള്ള വളവിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചത്. റോഡ് നിർമ്മിച്ചതിൽ പിന്നെ ഈ വളവ് നികത്താനോ കയറ്റം കുറക്കാനോ അധികാരികൾ മുന്നോട്ട് വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇവിടെ അപകടങ്ങളും തുടർക്കഥയാവുകയാണ്.
രണ്ട് വർഷം മുമ്പ് പാലായി റഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തതിന് ശേഷം ഇതുവഴിയുള്ള വാഹനങ്ങളുടെ ഓട്ടം കൂടി. വൈകുന്നേരങ്ങളിൽ വിനോദ സഞ്ചാരികളുടെ എണ്ണവും കൂടിയിരിക്കുകയാണ്. ഇതുവഴി ബസ് സർവീസും ആരംഭിച്ചിരിക്കയാണ്.
റോഡ് പണിതതിൽ പിന്നെ പാലായി റോഡ് മുതൽ താങ്കൈ കടവ് വരെ മൂന്ന് മീറ്റർ വീതിയല്ലാതെ അത് വികസിപ്പിക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ റോഡിന്റെ കാര്യത്തിൽ നഗരസഭയോ, അല്ലെങ്കിൽ പൊതുമരാമത്ത് ഏറ്റെടുക്കാനോ ഇതുവരെ കഴിഞ്ഞിട്ടുമില്ല. നീലേശ്വരത്ത് നിന്ന് കയ്യൂർ ചീമേനിയിലേക്ക് എത്താൻ എളുപ്പമായതിനാൽ യാത്രക്കാർ ഏറെയും ഉപയോഗിക്കുന്നത് പാലായി റോഡ് വഴിയാണ്.
അപകടത്തിൽ കൂട്ടാണ്
കൂക്കോട്ട് റോഡും
അതുപോലെ തന്നെ പാലായി ഷട്ടർ കം ബ്രിഡ്ജ് കഴിഞ്ഞാൽ കൂക്കോട്ട് വഴിയുള്ള റോഡും ഏറെ ദുർഘടം പിടിച്ചതാണ്. ഇവിടെയും വളവും തിരിവും കയറ്റവുമായതിനാൽ അപകടങ്ങൾ ഏറിവരികയാണ്. കയ്യൂർ വേട്ടക്കൊരുമകൻ ക്ഷേത്രം വളവ് മുതൽ കൂക്കോട്ട് വരെ റോഡ് വളരെ രീതി കുറഞ്ഞതും കയറ്റവും ഇറക്കവുമുള്ളതാണ്. അധികാരികളുടെ ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ ഇനിയും അപകടങ്ങൾ തുടർക്കഥയാകും.