പയ്യന്നൂർ: മുന്നൊരുക്കങ്ങളില്ലാതെ നടത്തുന്ന റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തി ട്രെയിൻ യാത്രക്കാർക്കെന്ന പോലെ നാട്ടുകാർക്കും ദുരിതമായി. സ്റ്റേഷന്റെ കിഴക്ക് ഭാഗമായ മമ്പലം, തെരു, മഹാദേവ ഗ്രാമം, സുരഭി നഗർ കണ്ടങ്കാളി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ പടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന റോഡിലേക്ക് എത്തിപ്പെടുന്നതിന് ഉപയോഗിച്ച് വന്നിരുന്ന മേൽപ്പാലത്തിലേക്കുള്ള കോൺക്രീറ്റ് നടപാത പകരം സംവിധാനമേർപ്പെടുത്താതെ പൊളിച്ചു മാറ്റിയതാണ് നാട്ടുകാരെ പെരുവഴിയിലാക്കിയത്.

പാത പൊളിച്ചതോടെ റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്ത പ്രദേശത്തുള്ളവർക്കു പോലും പടിഞ്ഞാറ് പ്രധാന റോഡിലേക്ക് എത്തുവാൻ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണുള്ളത്.

സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പാർക്കിംഗ് കേന്ദ്രം നിർമിക്കുന്നതിനാണ് പാത പൊളിച്ചതെന്നു പറയുന്നു.

എന്നാൽ മറ്റൊരു വഴി ഉണ്ടാക്കാതെ വർഷങ്ങളായി നാട്ടുകാർ നടന്നു പോകുന്ന കോൺക്രീറ്റ് നടപ്പാത പൊളിച്ചത് പ്രതിഷേധാർഹമാണെന്ന് പ്രദേശവാസികൾ പറയുന്നു. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് മുൻ എം.എൽ.എ, സി. കൃഷ്ണനും നഗരസഭയും ഇടപ്പെട്ട് രണ്ടാം നമ്പർ പ്ലാറ്റ്ഫോം വരെ മാത്രം ഉണ്ടായിരുന്ന മേൽപ്പാലം സ്റ്റേഷന് കിഴക്ക് വശം മൂന്നാം നമ്പർ പ്ലാറ്റ് ഫോമിന് പുറത്തേക്ക് വരെ നീട്ടിയിരുന്നു. ഈ ഭാഗത്തേക്ക് വരാനുള്ള നട പാതയാണ് ഇപ്പോൾ ഇല്ലാതായത്.

നവീകരണത്തിന്റെ ഭാഗമായി ഇതിന് തൊട്ട് തന്നെയുള്ള തോട്ടിൽ വെള്ളം തടഞ്ഞു നിർത്തിയത് ജനവാസ മേഖലയിൽ ദുരിതം വിതക്കുന്നതായും കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകുകൾ പെരുകി പകർച്ചവ്യാധി ഭീതി സൃഷ്ടിക്കുന്നതായും പരിസരവാസികൾ പറയുന്നു. നേരത്തെ രണ്ടും മൂന്നും നമ്പർ പ്ളാറ്റ് ഫോമുകളുടെ തറ കോൺക്രീറ്റ് ചെയ്ത് ടൈൽസ് പാകുന്നതിനായി കിളച്ചിട്ടത് യാത്രക്കാർക്ക് വിനയായിരുന്നു. തെക്കോട്ടുള്ള യാത്രക്കാർക്കുള്ള ട്രെയിൻ വരുന്ന രണ്ടാം നമ്പർ ഫ്ലാറ്റ് ഫോമിൽ മുഴുവനായി മേൽക്കൂരയില്ല. ഓർക്കാപ്പുറത്ത് പെയ്ത കനത്ത മഴയിൽ കിളച്ചിട്ട പ്ളാറ്റ്ഫോം മുഴുവൻ ചെളിക്കുള്ളമായി മാറി. അതി സാഹസപ്പെട്ട് ചെളിയിൽ ചവുട്ടിയാണ് യാത്രക്കാർ ട്രെയിനിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. നവീകരണത്തിന്റെ ഭാഗമായി മുന്നൊരുക്കങ്ങളൊന്നും നടത്താതെ നിലവിലുള്ള സൗകര്യങ്ങൾ നീക്കം ചെയ്യുന്നതാണ് ദുരിതമായി മാറുന്നതെന്ന് നാട്ടുകാരും യാത്രക്കാരും ആരോപിക്കുന്നു.