ആലക്കോട്: വന്യമൃഗ ശല്യവും കൃഷിനാശവും തൊഴിലില്ലായ്മയും കൊണ്ട് പൊറുതിമുട്ടിയ മലയോര കുടിയേറ്റ കർഷകർ ജീവിതമാർഗ്ഗം തേടി കൂട്ടപ്പലായനം നടത്തിയതോടെ ജനസാന്ദ്രതയും വരുമാനവും കുറഞ്ഞത് പഞ്ചായത്തുകൾക്ക് തലവേദനയാകുന്നു. ഉദയഗിരി, ആലക്കോട്, നടുവിൽ, ചെറുപുഴ തുടങ്ങി വനാതിർത്തി പങ്കിടുന്ന പഞ്ചായത്തുകളാണ് പുതിയ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നത്. 21 വാർഡുകളുള്ള ആലക്കോട് പഞ്ചായത്തിൽ കാപ്പിമല, ഒറ്റത്തൈ, നെല്ലിക്കുന്ന്, പരപ്പ തുടങ്ങിയ വാർഡുകളിൽ നിന്നും കഴിഞ്ഞ 10 വർഷത്തിനിടെ അഞ്ഞൂറിലധികം കുടുംബങ്ങൾ കുടിയൊഴിഞ്ഞു പോയിട്ടുണ്ട്.
15 വാർഡുകളുള്ള ഉദയഗിരി പഞ്ചായത്തിൽ ഭൂരിഭാഗം വാർഡുകളിലും കുടിയിറക്കം നടന്നുകൊണ്ടിരിക്കുകയാണ്. ചീക്കാട്, മാമ്പൊയിൽ, ജയഗിരി, കാപ്പിമല, വായിക്കമ്പ തുടങ്ങിയ വാർഡുകൾ കർണ്ണാടക റിസർവ് ഫോറസ്റ്റുമായി ചേർന്നു കിടക്കുന്നതിനാൽ വന്യമൃഗ ശല്യം അതിരൂക്ഷവുമാണ്. വീടും സ്ഥലവും വിൽക്കാമെന്ന് വെച്ചാലും വാങ്ങാൻ ആളില്ലാത്തതിനാൽ സുരക്ഷിത മേഖലയിലേയ്ക്ക് വാടകയ്ക്ക് മാറിതാമസിക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്.
മലയോര മേഖലയിൽ മഞ്ഞളിപ്പ് രോഗം മൂലം കവുങ്ങ് കൃഷി പാടെ നശിച്ചതും കൂമ്പ് ചീയൽ രോഗം മൂലം തെങ്ങുകൾ മുറിച്ചു മാറ്റേണ്ടി വന്നതും കർഷകരുടെ നട്ടെല്ലൊടിച്ചു. ബദൽ കൃഷിയായി ചെയ്ത വാനില, പട്ടുനൂൽപ്പുഴു വളർത്തൽ തൂടങ്ങിയവയൊക്കെ വൻ പരാജയമായി മാറി. ഏത്തവാഴ കൃഷി മാത്രമാണ് കുറച്ചെങ്കിലും ആദായകരം. പക്ഷേ,കാട്ടാനക്കൂട്ടങ്ങളും കാട്ടുപന്നികളും വാഴത്തോട്ടങ്ങൾ നിലംപരിശാക്കുന്നത് കൃഷി തന്നെ ഉപേക്ഷിച്ച് പോകുന്നതിലേയ്ക്കാണ് കർഷകരെ എത്തിച്ചിരിക്കുന്നത്.
മലയോരമേഖലയിൽ ഭൂമി വിൽപ്പന ഏതാണ്ട് നിലച്ച മട്ടാണ്. ഇതുമൂലം സർക്കാരിന് ലഭിക്കേണ്ട നികുതികളും ഫീസുകളുമൊക്കെ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മലയോര ടൗണുകളിൽ വ്യാപാരികളും വൻ പ്രതിസന്ധിയിലാണ്. ഓരോ വർഷവും കച്ചവടം കുറഞ്ഞുവരികയാണെന്ന് വ്യാപാരികൾ പറയുന്നു.
പുതിയ പഞ്ചായത്തുകൾ സാദ്ധ്യത മങ്ങി
വ്യാപാര സ്ഥാപനങ്ങളിൽ നിന്നാണ് പ്രധാനമായും പഞ്ചായത്തുകളുടെ വരുമാന സ്രോതസ്. ജനസംഖ്യ കുറഞ്ഞുവരുന്നതും വരുമാനം കുറയുന്നതും പഞ്ചായത്ത് വികസനത്തെയും ബാധിക്കുന്നുണ്ട്. 21 വാർഡുകളുള്ള ആലക്കോട് പഞ്ചായത്ത് വിഭജിച്ച് തേർത്തല്ലി ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ട് പഴക്കമുണ്ടെങ്കിലും ഇത്തവണയും അത് നടക്കുകയില്ലെന്നാണ് അറിയുന്നത്. നടുവിൽ, ചപ്പാരപ്പടവ് പഞ്ചായത്തുകളുടെ ഏതാനും വാർഡുകൾ ചേർത്ത് കരുവൻചാൽ കേന്ദ്രമായി പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യവും നടപ്പാകാനിടയില്ല.
എന്നാൽ ആലക്കോട്,കരുവൻചാൽ ടൗണുകൾ ഉൾപ്പെടുത്തി പുതിയ മുനിസിപ്പാലിറ്റി രൂപീകരിക്കാനുള്ള സാധ്യതകൾ കൂടിവരുന്നുണ്ട്. മലയോര ഹൈവേ, ആലക്കോട്, കരുവൻചാൽ പാലങ്ങൾ എന്നിവ യാഥാർത്ഥ്യമായതോടെ ഈ രണ്ട് ടൗണുകളും വളർന്ന് ഒരു പട്ടണമായി മാറിയിട്ടുണ്ട്.