building
മരങ്ങളുടെ വേരുകൾ ആണ്ടിറങ്ങി അപകടാവസ്ഥയിലായ നഗരസഭ ഷോപ്പിംഗ് കോംപ്ളക്സിന്റെ പിൻഭാഗം

തലശ്ശേരി: പൈതൃകനഗരമായ തലശ്ശേരി എം.ജി. റോഡിലെ നഗരസഭ ബഹുനില ഷോപ്പിംഗ് കോംപ്ലക്സ് ആളുകളുടെ ജീവനുതന്നെ ഭീഷണിയുയർത്തുന്നു. ഏതുസമയത്തും നിലംപൊത്താവുന്ന സ്ഥിതിയിലുള്ള കെട്ടിടത്തിന്റെ പിറകുഭാഗത്തെ ചുമരുകളിൽ വേരുപിടിച്ച് വലിയ മരങ്ങൾ വളർന്ന നിലയിലാണ്. മഴ നനഞ്ഞ് കുതിർന്ന ചുമരുകളിൽ നിന്ന് എപ്പോൾ വേണമെങ്കിലും ജനൽ പാളികൾ അടർന്ന് വീഴാവുന്ന അവസ്ഥയുമുണ്ട്.

അതേസമയം എം.ജി റോഡിന് അഭിമുഖമായി നിൽക്കുന്ന മുൻഭാഗം പെയിന്റടിച്ച് മനോഹരമാക്കിയ നിലയിലാണ്. പ്രത്യക്ഷത്തിൽ കെട്ടിടം അപകടത്തിലാണെന്ന് ആരും പറയില്ല. ഒരു ബാങ്ക് ശാഖ, സാമൂഹ്യക്ഷേമ വകുപ്പ് ഓഫീസ്, ട്രാവൽ ഏജൻസി, ചായക്കട, സ്റ്റേഷനറി, ​ഖാദി സ്റ്റോർ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ഏതുസമയത്തും നിലംപൊത്താവുന്ന ഈ കെട്ടിടത്തിലാണ്.

ജനമിരമ്പും വഴിയോരത്ത്
നഗരത്തിലെ വിവിധ സ്‌കൂളുകളിലേക്കുള്ള കുട്ടികളടക്കം നൂറുകണക്കിനാളുകൾ കടന്നുപോകുന്ന തിരക്കേറിയ വഴിയോട് ചേർന്നാണ് അപകടാവസ്ഥയിലുള്ള ഈ കെട്ടിടം. നിലവിൽ തലശ്ശേരിയിൽ ഏറ്റവും ഭീഷണിയായ കെട്ടിടവും ഇതുതന്നെയാണ്. പഴയ ട്രാവലേർസ് ബംഗ്ലാവ് പൊളിച്ചാണ് നഗരസഭ കാര്യാലയത്തിന് തൊട്ടടുത്തുള്ള ഈ സ്ഥലത്ത് സ്വന്തമായി മൂന്നു നില ഷോപ്പിംഗ് കോംപ്ലക്സ് പണിതത്.

ജനത്തിന് നേരെ വടിയെടുക്കും
നഗരത്തിലെ ജീർണ്ണിച്ച കെട്ടിടങ്ങൾ ഉടമകൾ സ്വന്തം നിലയിൽ പൊളിച്ചുമാറ്റാനാണ് നഗരസഭ നൽകാറുള്ള നിർദ്ദേശം. എന്നാൽ അത്യന്തം അപകടകരമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്വന്തം കെട്ടിടത്തിന്റെ കാര്യത്തിൽ കണ്ണു ചിമ്മുകയാണ് ഉദ്യോഗസ്ഥരും ഭരണാധികാരികളും.