nh

കണ്ണൂർ:ദേശീയപാതാ നിർമാണത്തിൽ ആവശ്യമായ സുരക്ഷ മുൻകരുതലുകൾ ഒരുക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ആറ്റടപ്പ മുട്ടോളംപാറയിൽ വീട് രണ്ടായി പിളർന്ന് ഇടിഞ്ഞുതാഴ്ന്നിരുന്നു. മണ്ണിടിച്ചിലും ചെളി നിറഞ്ഞ് കാൽനട പോലും ദുഷ്‌കരമാകുന്നതും പല ഭാഗത്തും പതിവാണ്. കാലവർഷം ശക്തമാകുന്നതോടെ അപകടം വർധിക്കാൻ സാദ്ധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ ദേശീയപാത നിർമ്മാണ പ്രദേശത്താകെ സുരക്ഷാ പരിശോധന നടത്തി ആവശ്യമായ ക്രമീകരണം ഉണ്ടാക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.പി.പ്രദീപ്കുമാറിന്റെയും സെക്രട്ടറി പി.ടി.രാജേഷിന്റെയും നേതൃത്വത്തിലുള്ള സംഘം മുട്ടോളംപാറ പ്രദേശം സന്ദർശിച്ചു. പരിസ്ഥിതി കൺവീനർ സതീശൻ കസ്തൂരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ.സുധാകരൻ, പി.കെ.ബൈജു എന്നിവരും കൂടെയുണ്ടായിരുന്നു.