നീലേശ്വരം: ഓട്ടുറുമ ശല്യം സഹിക്കാനാവാതെ താമസം മാറേണ്ട അവസ്ഥയിൽ വീട്ടുകാർ. സന്ധ്യ കഴിഞ്ഞ് വൈദ്യുതി പ്രകാശിക്കുന്നതോടെ ഓട്ടുറുമ പറന്നെത്തുകയാണ്. ഓടിട്ട വീടായാലും കോൺക്രീറ്റ് വീടായാലും ഇവയുടെ ശല്യം കാരണം സന്ധ്യയായാൽ ബൾബുകൾ അണച്ച് ഒതുങ്ങേണ്ട അവസ്ഥയിലാണ് വീട്ടുകാർ. അടുക്കളയിലാണെങ്കിൽ ഭക്ഷണ സാധനങ്ങൾ ഒന്നും വെക്കാൻ പറ്റാത്ത അവസ്ഥ. കുടുംബങ്ങൾക്ക് ടി.വി. പോലും കാണാൻ പറ്റില്ല. മലയോര മേഖലയിലെ മിക്കവീട്ടുകാരും ഓട്ടുറുമയുടെ ഭീഷണിയിലാണ്.
കിടന്നുറങ്ങുമ്പോഴും ഇവ മുഖത്തും ദേഹത്തും പറ്റി പിടിച്ചിരുന്ന് ഉറക്കം കളയും. ചെറിയ കുഞ്ഞുങ്ങളുടെ ചെവിയിൽ കയറാതിരിക്കാൻ ചെവിയിൽ പഞ്ഞി നിറച്ച് വെക്കേണ്ട അവസ്ഥയാണുള്ളത്.
മഴ കനത്ത് പെയ്താൽ ഇവയുടെ ശല്യത്തിന് ചെറിയ വ്യത്യാസമുണ്ട്. കാലവർഷമെത്തിയിട്ടും കനത്ത മഴ ഇല്ലാത്തതാണ് പ്രാണിയുടെ ശല്യം കൂടാൻ കാരണമായി പറയുന്നത്. വസ്ത്രത്തിലും മറ്റും പിടിച്ച് കയറിയാൽ ഇവ അവിടെ തന്നെ ചുരുണ്ട് കൂടുകയാണ്. ചില കീടനാശിനികൾ തെളിച്ചാലും, തീയിട്ട് പുകയിട്ടാലും കുറച്ചെണ്ണം നശിക്കുന്നതല്ലാതെ പിറ്റേന്ന് ഇവ പതിന്മടങ്ങ് വർദ്ധിച്ച് ശല്യം ഏറി വരികയാണ്. ചില സ്കൂളുകളിലും ഉണ്ടെങ്കിലും പകൽ അത് ബാധിക്കുന്നില്ല. ഓട്ടുറുമ ശല്യം വിഷയം ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പ്രതിവിധി ഒന്നും പറയുന്നില്ല. സന്ധ്യ കഴിഞ്ഞാൽ ഭക്ഷണം കഴിക്കാനോ, കിടന്നുറങ്ങാനോ പറ്റാത്ത സ്ഥിതിയാണുള്ളത്.