photo-
കടലാക്രമണം

പഴയങ്ങാടി: മാടായി ഗ്രാമപഞ്ചായത്തിലെ പുതിയങ്ങാടി ബീച്ച് റോഡിലെ നീരൊഴുക്കും ചാലിൽ ഉണ്ടായ കടലാക്രമണത്തെ തുടർന്ന് അഴിമുഖം മുറിച്ചുമാറ്റി. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിലാണ് അഴിമുഖം മുറിച്ചുമാറ്റി കരയിലേക്ക് ഒഴുകിവന്ന കടൽവെള്ളം കടലിലേക്ക് ഒഴുക്കി വിട്ടത്. ജെസിബിയുടെ സഹായത്തോടെയാണ് അഴിമുഖം മുറിച്ചത്. മഴ ശക്തിപ്പെട്ടതോടെ കഴിഞ്ഞ ദിവസം മുതൽ പുതിയങ്ങാടി ചൂട്ടാട് പുതിയ വളപ്പ് മേഖലയിലും കടലാക്രമണം രൂക്ഷമായിട്ടുണ്ട്. കൂറ്റൻ തിരമാലകൾ കരയിലേക്ക് ഇടിച്ച് കയറുകയാണ് . ചൂട്ടാട് ബീച്ച് പാർക്കിലും കടൽ വെള്ളം കയറി. പുതിയ വളപ്പ് പ്രദേശത്ത് നിരവധി കുടുംബങ്ങൾ കടലാക്രമണ ഭീഷണിയിലാണ്. പ്രദേശത്തെ വീടുകളിലേക്ക് വെള്ളം ഇരച്ച് കയറുകയാണ്. ഏറെ ഭീതിയോടെയാണ് ജനങ്ങൾ ഇവിടെ കഴിയുന്നത്. പുലിമുട്ട് നിർമ്മാണം തുടങ്ങിയ ശേഷമാണ് പുതിയ വളപ്പ് പ്രദേശത്ത് കടലാക്രമണം രൂക്ഷമായതെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് കടൽ ഭിത്തി നിർമ്മിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. പുതിയങ്ങാടിയിൽ കിലോമീറ്ററുകളോളം ദൂരത്തിൽ കര കടലെടുത്ത അവസ്ഥയാണ്. തീരദേശ മേഖലയിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.