park
സഫാരി പാർക്ക് സ്ഥാപിക്കാനുദ്ദേശിക്കുന്ന നാടുകാണി പ്ലാന്റേഷൻ കോർപ്പറേഷൻ ഭൂമി

കണ്ണൂർ: നാടുകാണി ജംഗിൾ സഫാരി പാർക്കിനായി ബഡ്ജറ്റിൽ തുക വകയിരുത്തി തുടർ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകവെ സി.പി.ഐയുടെ പ്രതിഷേധം തിരിച്ചടിയാകുന്നു. കൃഷി വകുപ്പിനു കീഴിലുളള നാടുകാണി പ്ലാന്റേഷൻ കോർപ്പറേഷന്റെ ഭൂമിയിൽ സഫാരി പാർക്ക് സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സി.പി.ഐ. തൊഴിലാളി സംഘടന എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ഈ മാസം 14ന് രാവിലെ 10 മുതൽ നാലുവരെ തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ സത്യാഗ്രഹം നടക്കും. നാടുകാണി പ്ലാന്റേഷൻ കോർപ്പറേഷൻ ഭൂമിയിൽ മൃഗശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഏഷ്യയിലെ ഏറ്റവും വലിയ കറപ്പത്തോട്ടം സംരക്ഷിക്കുക, തൊഴിൽസംരക്ഷണം ഉറപ്പുവരുത്തുക എന്നിവയാണ് സത്യാഗ്രഹത്തിലൂടെ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ. എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

പദ്ധതിക്കെതിരേ സി.പി.ഐ. പ്രാദേശികഘടകവും എ.ഐ.ടി.യു.സിയും തുടക്കം മുതലേ രംഗത്തു വന്നിരുന്നു. നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ നിലനിൽക്കുന്ന നാടുകാണിയിൽ മൃഗശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നായിരുന്നു ആവശ്യം. നാടുകാണി കിൻഫ്രയിൽ വ്യവസായ സ്ഥാപനങ്ങൾ സ്ഥാപിച്ച ശേഷം പന്നിയൂർ, കൂവേരി, പടപ്പേങ്ങാട് പ്രദേശങ്ങളിൽ കുടിവെള്ളം. ശുദ്ധവായു എന്നിവ മലിനമായിരിക്കുകയാണ്. ഇതിന് ഒരു പരിധിവരെ നാടുകാണി തോട്ടത്തിലെ മരങ്ങൾ ആശ്വാസമാണ്. ഇതൊക്കെയും നശിപ്പിച്ചാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്നാണ് സി.പി.ഐ കുറ്റപ്പെടുത്തുന്നത്.

ജീവൻ വച്ചത് അടുത്തിടെ

അനിമൽ സഫാരി പാർക്ക് പദ്ധതിയുമായി ആദ്യഘട്ടത്തിൽ സർക്കാർ മുന്നോട്ടുപോയെങ്കിലും പിന്നീട് മന്ദഗതിയിലായിരുന്നു. സ്വകാര്യ പങ്കാളിത്തത്തിൽ 300 കോടി നിക്ഷേപം ആവശ്യമായി വരുന്ന പദ്ധതിക്ക് കഴിഞ്ഞ ബഡ്ജറ്റിൽ തുക വകയിരുത്തിയതോടെയാണ് വീണ്ടും ജീവൻ വച്ചത്. പ്രാരംഭ പ്രവർത്തനങ്ങൾക്ക് രണ്ടു കോടിയാണ് വകയിരുത്തിയത്. സ്ഥലം എം.എൽ.എയും സി.പി.എം. സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോവിന്ദൻ മുൻകൈയെടുത്താണ് പാർക്ക് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ചപ്പാരപ്പടവ്, കുറുമാത്തൂർ പഞ്ചായത്തുകളിൽ വ്യാപിച്ചുകിടക്കുന്നതാണ് തോട്ടം. കേന്ദ്രനിയമപ്രകാരം വലിയ കാറ്റഗറിയിലുള്ള മൃഗശാല സ്ഥാപിക്കാൻ 186 ഏക്കറാണ് വേണ്ടത്. ഇതിനൊപ്പം സഫാരി പാർക്ക് സ്ഥാപിക്കാൻ 50 മുതൽ 75 വരെ ഏക്കർ ഭൂമി കൂടി വേണം. മുന്നൂറോളം ഏക്കറിലുള്ളതാണ് നാടുകാണിയിലെ തോട്ടംഭൂമി.


കേരളത്തിലെ ഏറ്റവും വലിയ മൃഗശാല

കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയാണ് വിഭാവനം ചെയ്യുന്നത്. അനിമൽ സഫാരി പാർക്ക്, മൃഗശാല, ബോട്ടാണിക്കൽ ഗാർഡൻ എന്നിവ സ്ഥാപിക്കുന്നതാണു പദ്ധതി. 100 ഏക്കറോളം ഭൂമിയിൽ സിംഹം, കടുവ പോലുള്ള അക്രമസ്വഭാവമുള്ള മൃഗങ്ങളെ കൂട്ടിലടച്ചു വളർത്താനും ബാക്കി സ്ഥലത്ത് സസ്യഭുക്കുകളും മാംസഭുക്കുകളുമായ മൃഗങ്ങളെ പ്രത്യേകം വിഹരിക്കാൻ അനുവദിക്കുകയും ചെയ്യും. ഈ ഭാഗത്തുകൂടി കാഴ്ചക്കാർക്കു പ്രത്യേക വാഹനങ്ങളിലെത്തി അവയെ കാണാൻ സാധിക്കുന്ന സഫാരി പാർക്കാണു ലക്ഷ്യം.