logo
LOGO

കാസർകോട്: കപ്പൽ ജോലി ഉറപ്പാക്കി തരുമെന്ന വാഗ്‌ദാനം നൽകി കബളിപ്പിക്കുന്ന വ്യാജ റിക്രൂട്മെന്റ് ഏജൻസികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ സംവിധാനം ഒരുക്കി അധികൃതർ. അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾ വൻതുക ചോദിച്ചു സമീപിക്കുമ്പോൾ അവരുടെ കുരുക്കിൽ അകപ്പെടാതെ നോക്കണമെന്ന മുന്നറിയിപ്പ് അധികൃതർ നൽകുകയാണ്. റിക്രൂട്ട്മെന്റ് ഏജൻസികളിലെ കള്ളനാണയങ്ങളെ തിരിച്ചറിയാനുള്ള ഒട്ടേറെ നിർദ്ദേശവുമായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുംബയിലെ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് (ഡി.ജി. ഷിപ്പിംഗ്) ജീവനക്കാരുടെ അറിവിലേക്കായി പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചതോടെ ആണ് ഇത്തരം തട്ടിപ്പുകളുടെ ആഴത്തെ കുറിച്ച് ബോധ്യം വന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അംഗീകാരമില്ലാത്ത മാരീടൈം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരീശീലനം നേടരുത്. ആർ.പി.എസ് അംഗീകാരം ഉണ്ടെന്ന് ഉറപ്പ് വരുത്തുക, പരിശീലനം തേടുമ്പോൾ ആ സ്ഥാപനത്തെ പറ്റി വിവരങ്ങൾ ശേഖരിക്കുക, ജോലി ഉറപ്പ് നൽകാതെ അതിനായി ഭീമയായ തുക ആവശ്യപ്പെടുന്നവരുടെ കുരുക്കിൽപെടാതെ നോക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ ശ്രദ്ധിക്കണം. ആദ്യമായി കപ്പൽ ജോലി തേടുന്നവരാണ് ഏജന്റുമാരുടെ വലയിൽ കുടുങ്ങുന്നവരിൽ ഏറെയും. അവരാണ് ഏറെ ശ്രദ്ധിക്കേണ്ടത്. ഏജന്റുമാരെ ഒഴിവാക്കി വെബ്സൈറ്റ് വഴി സെർച്ച്‌ ചെയ്ത് ഒഴിവുകൾ കണ്ടെത്തുക തുടങ്ങിയ ഒട്ടേറെ നിർദേശങ്ങളും സർക്കുലറിൽ അനുബന്ധമായി ചേർത്തിട്ടുണ്ട്.

സഹായം തേടാം

അത്യാവശ്യ സന്ദർഭങ്ങളിൽ ബന്ധപ്പെടേണ്ട മുംബയ്, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ വിവിധ ഓഫീസ് വിവരങ്ങളും നിയുക്ത ഓഫീസർമാരുടെ പേരുകളും ഫോൺ നമ്പറുകളും ഇ മെയിൽ ഐഡിയും സർക്കുലറിൽ ചേർത്തിട്ടുണ്ട്. സർക്കുലർ കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബിൽ പരിശോധനയ്ക്ക് ലഭിക്കുമെന്ന് പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി അറിയിച്ചു. നിലവിൽ ജോലി ചെയ്യുന്ന പരിചയസമ്പന്നരായ കപ്പലോട്ടക്കാർക്ക് അവധിയിൽ വന്നാൽ അധികം കാത്തിരിപ്പ് ഇല്ലാതെ തന്നെ ജോലിയിൽ കയറാൻ പറ്റുന്നുണ്ട്. മർച്ചന്റ് നേവി ക്ലബ്‌ : 7994020011, 9447692439.

കപ്പൽ ജോലി തേടുന്നവവരുടെ എണ്ണം ഈയിടെയായി വർദ്ധിച്ചു വരികയാണെന്നും രണ്ടു ലക്ഷത്തോളം രൂപ ചെലവിട്ട് 6 മാസത്തെ പരിശീലനം പൂർത്തിയാക്കി ജോലിക്കായി കാത്തിരിക്കുന്നവരുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി ജോലി സാദ്ധ്യത ഇല്ലാത്തതിനാലാണ് പലരും ലക്ഷങ്ങൾ നൽകി വഞ്ചിക്കപ്പെടുന്നത്. ഓരോ കപ്പലിലും കൂടുതൽ ട്രെയിനികൾക്ക് അവസരമൊരുക്കാൻ നടപടികൾ ഉണ്ടായാൽ ഈ രംഗത്തെ തട്ടിപ്പുകൾ ഒരു പരിധിവരെ നിയന്ത്രിക്കാം.

മർച്ചന്റ് നേവി ക്ലബ്ബ് പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി