കണ്ണൂർ: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് നേരെയുണ്ടായ അക്രമത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വിഫ്റ്റ് ബസിന്റെ ഡ്രൈവർ തളിപ്പറമ്പ് സ്വദേശി വൈശാഖിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 10.45 ഓടെ താഴെ ചൊവ്വ ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാനായി നിർത്തിയപ്പോഴാണ് സംഭവം. സ്‌കൂട്ടറിലെത്തിയ സംഘം ബസ് തടഞ്ഞുനിർത്തി തെറിവിളിക്കുകയും ബസിന്റെ സൈഡ് ഗ്ലാസ് ഹെൽമെറ്റ് കൊണ്ട് അടിച്ചു തകർക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

ബസിന്റെ ഗ്ലാസ് അടിച്ചുതകർക്കുന്നതിനിടെയാണ് ഡ്രൈവർക്ക് പരിക്കേറ്റത്. കെ.എൽ 13 എ. ഡബ്ല്യു 8819 നമ്പർ സ്‌കൂട്ടറിലെത്തിയ കണ്ടാൽ അറിയുന്ന പ്രതികളാണ് അക്രമം നടത്തിയത്. സൈഡ് കിട്ടാനായി സ്വിഫ്റ്റ് ബസ് ഡ്രൈവർ ഹോൺ അടിച്ചതിലുള്ള വിരോധമാണ് മർദ്ദനത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്. ഡ്രൈവറുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം കെ.എസ്.ആർ.ടി.സി ബസിന് നേരെ യുവാക്കളുടെ അക്രമം നടന്നിരുന്നു.