തൃക്കരിപ്പൂർ: കടലിനും കായലിനും ഇടയിലുള്ള വലിയപറമ്പ ദ്വീപ് പഞ്ചായത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്ന വിധത്തിലുള്ള മണലൂറ്റൽ വ്യാപകമായതോടെ സബ് കളക്ടർ സൂഫിയാൻ മുഹമ്മദ് മാവിലാകടപ്പുറത്തെത്തി. രാത്രിയും പകലുമെന്നോണമുള്ള മണൽ മാഫിയയുടെ ഇടപെടലിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് സബ് കളക്ടർ സ്ഥലം പരിശോധനക്കെത്തിയത്.
ചന്തേര സി.ഐ. മനു രാജും സംഘത്തിലുണ്ടായിരുന്നു. മാവിലാകടപ്പുറം പുലിമുട്ട് പഴയ ബോട്ടുജെട്ടി, ഒരിയര തുടങ്ങിയ മണലൂറ്റൽ നടക്കുന്ന ഭാഗങ്ങളൊക്കെ സബ് കളക്ടർ സന്ദർശിച്ചു. പോർട്ടധികൃതരുടെ പാസ് ഉപയോഗിച്ച് മണലെടുക്കാൻ അനുവാദമുണ്ടെങ്കിലും ഇതിനിടയിൽ അനധികൃതമായ രീതിയിൽ വൻ തോതിൽ മണലൂറ്റുന്നത് പുഴ ഭിത്തി ഇടിയുന്നതും ഉപ്പുവെള്ളം കയറുന്നതും കടൽ കയറുന്നതടക്കം പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുവെന്നതാണ് നാട്ടുകാർ പറയുന്നത്.
അനധികൃത മണലെടുപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു വലിയപറമ്പ പഞ്ചായത്തിലെ 13 പഞ്ചായത്ത് അംഗങ്ങൾ പ്രസിഡന്റ് വി.വി. സജീവന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ കാസർകോട് കളക്ടറേറ്റിലെത്തി കളക്ടർ ഇമ്പശേഖറിന് നിവേദനം നൽകിയിരുന്നു .ഇതിന്റെ അടിസ്ഥാനത്തിലാണ് വൈകീട്ടോടെ സബ് കളക്ടർ വലിയ പറമ്പയിലെത്തിയത്.
പരിശോധന കർശനമാക്കും
അനധികൃത മണലെടുപ്പിനെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും, പുഴയിലും പുഴയോരങ്ങളിലും പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തി മണലൂറ്റൽ നിയന്ത്രിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.