പയ്യന്നൂർ: സാംസ്കാരിക പ്രവർത്തനത്തെ ജീവിതമാക്കി മാറ്റിയ വ്യക്തിത്വമാണ് ചെലവൂർ വേണുവിന്റേതെന്ന് എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. പയ്യന്നൂർ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ചെലവൂർ വേണു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെലവൂർ വേണുവിനെക്കുറിച്ച് ഓർമ്മിക്കുമ്പോൾ മനസ്സിലേക്കു വരുന്നത് കേവലം ഒരു മനുഷ്യാകാരമല്ല, മറിച്ച് കോഴിക്കോട് നഗരം ആകെ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. പല പേരുകളുള്ള കോഴിക്കോട്ടെ പാതകൾ, തെരുവുകൾ, അച്ചടിശാലകൾ, സിനിമാകൊട്ടകകൾ, അവിടെ പണ്ടു മുതൽ ഉണ്ടായിരുന്ന ലക്കി, റംഗൂൺ, അളകാപുരി, ബോംബെ തുടങ്ങിയ ഭക്ഷണശാലകൾ, ക്വീൻസ്, ബീച്ച് ഹോട്ടൽ തുടങ്ങിയ മധുശാലകൾ... ഇങ്ങനെ എല്ലാം കൂടിച്ചേർന്ന ഒരു ഒറ്റ രൂപം സങ്കൽപ്പിക്കാമെങ്കിൽ അത് ചെലവൂർ വേണുവായിരിക്കും എന്നദ്ദേഹം കൂട്ടിച്ചേർത്തു. കെ. രാമചന്ദ്രൻ, രാജേഷ് അഴീക്കോടൻ, ജയൻ മാങ്ങാട്, പി. പ്രേമചന്ദ്രൻ സംസാരിച്ചു.